ജരാനരകള്‍ ബാധിക്കാതിരിക്കാനും ശരീര സൗന്ദര്യം നിലനിര്‍ത്താനും സ്വന്തം മകന്‍റെ രക്തം ശരീരത്തിലേക്ക് കയറ്റാനൊരുങ്ങി യുവതി. ലൊസ് ആഞ്ചല്‍സ് സ്വദേശിയായ മാര്‍സല ല്ഗ്ലെസിയ എന്ന 47കാരിയാണ് വിചിത്രമായ സൗന്ദര്യ വര്‍ധക രീതിക്കൊരുങ്ങുന്നത്. 23കാരനായ തന്‍റെ മകന് തനിക്ക് യൗവ്വനം തരുന്നതില്‍ പൂര്‍ണ സന്തോഷമാണുള്ളതെന്നും മാര്‍സല പറയുന്നു. തനിക്ക് മാത്രമല്ല, തന്‍റെ അമ്മയ്ക്കും രക്തം മാറ്റിവയ്ക്കുന്നതിലൂടെ ചെറുപ്പം വീണ്ടെടുക്കാന്‍ സഹായിക്കാമെന്ന് മകന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബാര്‍ബിയെന്നാണ് മാര്‍സല സ്വയം വിശേഷിപ്പിക്കുന്നത്. ബാര്‍ബി പാവയുടേതിന് സമാനമായ വേഷത്തിലുള്ള ചിത്രങ്ങള്‍ മാര്‍സല സമൂഹമാധ്യമങ്ങളില്‍ പതിവായി പങ്കുവയ്ക്കാറുമുണ്ട്.
രക്തം മാറ്റിവയ്ക്കുന്നതിനായി ചെറുപ്പക്കാരെ കിട്ടുന്നത് നല്ലതാണെന്നും പ്രത്യേകിച്ചും സ്വന്തം കുടുംബത്തിലെ അംഗങ്ങള്‍ ആണെങ്കില്‍ അത്യുത്തമമാണെന്നും മാര്‍സല പറയുന്നു. കോശങ്ങള്‍ മാറ്റി വയ്ക്കുന്ന ചികില്‍സയ്ക്ക് പിന്നാലെയാണ് രക്തം മാറ്റി വച്ച് സൗന്ദര്യം വര്‍ധിപ്പിക്കുന്ന രീതി പരീക്ഷിക്കാന്‍ താന്‍ തയ്യാറായതെന്നും അവര്‍ വെളിപ്പെടുത്തി.
രക്തം പൂര്‍ണമായും മാറ്റി വയ്ക്കുന്നതോടെ ശരീരത്തില്‍ പുതിയ ചുവന്ന രക്താണുക്കള്‍ ഉണ്ടാകും. ഇതിന്‍റെ ഫലമായി ശരീരത്തിലെ ഓക്സിജന്‍റെ അളവ് വര്‍ധിക്കും. പ്ലാസ്മ ശരീരത്തിനാവശ്യമായ പ്രോട്ടീനും രക്തം കട്ടപിടിക്കാനും സഹായിക്കുമെന്നും രക്തസ്രവം നിയന്ത്രിക്കാനും മുറിവുകളുണ്ടായാല്‍ രക്തം കട്ടപിടിക്കാനും ഇത് സഹായിക്കുമെന്നും മാര്‍സല വിശദീകരിക്കുന്നു.
99,000 യുഎസ് ഡോളര്‍ ഇതുവരെ മാര്‍സല വിവിധ സൗന്ദര്യവര്‍ധക ചികില്‍സകള്‍ക്കായി ചെലവഴിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. ദിവസവും എട്ടു മണിക്കൂര്‍ നിര്‍ബന്ധമായും മാര്‍സല ഉറങ്ങും. ഒരുമണിക്കൂര്‍ എന്നും വ്യായാമം. പഞ്ചസാരയടങ്ങിയ പാനീയങ്ങളോ, സോയ ഉല്‍പ്പന്നങ്ങളോ, മദ്യമോ മാര്‍സല ഉപയോഗിക്കാറില്ല. മാംസവും ഉപയോഗിക്കില്ല. മീന്‍ മാത്രമാണ് കഴിക്കുന്നത്.
പ്ലാസ്മ സ്വീകരിക്കല്‍ സുരക്ഷിതമാണോ?
യുവാക്കളില്‍ നിന്നുള്ള പ്ലാസ്മ സ്വീകരിക്കുന്നതിനെതിരെ 2019 ല്‍ ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗുരുതരമായ ആരോഗ്യ ആശങ്കകള്‍ ഇതുണ്ടാക്കുമെന്നും അതിവേഗം പ്രായമാകുന്നതിന് പുറമെ ഓര്‍മ നഷ്ടമാകുമെന്നും, ഡിമന്‍ഷ്യ, പാര്‍ക്കിന്‍സന്‍സ്, മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ്, അല്‍ഷിമേഴ്സ്, ഹൃദ്രോഗം തുടങ്ങി നിരവധി രോഗങ്ങള്‍ക്കും സാധ്യതയേറെയാണ്.
യൗവ്വനക്കാരില്‍ നിന്നുള്ള പ്ലാസ്മ സ്വീകരണമോ, രക്തം മാറ്റിവയ്ക്കലോ കൊണ്ട് സ്വാഭാവികമായ പ്രായമേറലിനെ ഇല്ലാതെയാക്കാനോ, വൈകിപ്പിക്കാനോ സാധ്യമല്ലെന്നും മറിച്ചുള്ള വാദങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറ ഇല്ലെന്നും മാത്രവുമല്ല, നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഇത് കൊണ്ട് ഉണ്ടാകാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.