മലപ്പുറം കരുളായി വനത്തില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. വനംവകുപ്പ് അലംഭാവമാരോപിച്ച് പി.വി.അന്‍വറിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ ഡി.എഫ്.ഒ ഓഫിസിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ ഓഫിസ് അടിച്ചുതകര്‍ത്തു.
കരുളായിയില്‍ ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുംവഴിയാണ് മണിയെയും കൂടെയുള്ളവരെയും കാട്ടാന ആക്രമിച്ചത്. മണിക്ക് ഒപ്പമുണ്ടായിരുന്ന അഞ്ചുവയസുകാരന്‍ ഉള്‍പ്പെടെയുള്ളവര്‍ ആനയുടെ ആക്രമണത്തില്‍നിന്ന് രക്ഷപെട്ടു. കാട്ടാന ആക്രമിച്ച മണിയെ ഒന്നരകിലോമീറ്ററോളം ചുമന്നാണ് വാഹനസൗകര്യമുള്ള സ്ഥലത്ത് എത്തിച്ചത്.
യുവാവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് പി.വി.അന്‍വറിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ഡി.എഫ്.ഒ ഓഫിസ് ഉപരോധിച്ചു. വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം കസേരകള്‍ അടിച്ചുതകര്‍ത്തു. പോസ്റ്റ്മോര്‍ട്ടം വൈകിയെന്നാരോപിച്ച് ആശുപത്രിയിലേക്കും പ്രതിഷേധമാര്‍ച്ച് നടത്തി. മരിച്ച മണിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. മണിയുടെ ഭാര്യയ്ക്ക് താല്‍ക്കാലിക ജോലി നല്‍കും.
അതേസമയം, നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ മരിച്ച ആദിവാസി യുവാവിന്റെ കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. വന്യജീവി ആക്രമണത്തിന്റെ തോത് കുറഞ്ഞു വരികയാണ്. മരണ നിരക്ക് കുറയ്ക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.