anchal-murder-rajesh-1

അഞ്ചലില്‍ അമ്മയെയും ഇരട്ടകുട്ടികളെയും കൊലപ്പെടുത്തിയത് പിടിയിലായ രാജേഷ് ഒറ്റയ്ക്ക്. രണ്ട്മാസം നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമായിരുന്നു കൊലപാതകമെന്ന് സിബിഐയുടെ പിടിയിലായ പ്രതികള്‍ മൊഴി നല്‍കി. കൊല്ലപ്പെട്ട രഞ്ജിനിയുടെ വീട്ടില്‍ നിന്ന് ലഭിച്ച ഒരു ബില്ലാണ് പ്രതികളാരെന്ന് ഉറപ്പിക്കുന്നതില്‍ നിര്‍ണായകമായത്. പ്രതികളെ പിടികൂടിയത് സിബിഐയാണെങ്കിലും പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കൈമാറിയത് കേരള പൊലീസിന്‍റെ ഇന്‍റലിജന്‍സ് വിഭാഗമാണ്. 

 

പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തിന്‍റെ ചുരുള്‍ ഒനൊന്നായി അഴിക്കാനുള്ള ശ്രമത്തിലാണ് സിബിഐ. രഞ്ജിനിയെയും ഇരട്ടകുട്ടികളെയും കൊലപ്പെടുത്തിയത് രാജേഷ് ഒറ്റയ്ക്കാണെന്ന് കൂട്ടുപ്രതി ദിവില്‍കുമാര്‍ മൊഴി നല്‍കി. 2006 ഫെബ്രുവരി പത്തിനാണ് അമ്മയും രണ്ട് കുട്ടികളും കൊല്ലപ്പെടുന്നത്. അന്നേ ദിവസം സൈനികനായ ദിവില്‍ കുമാര്‍ പത്താന്‍കോട്ടിലെ സൈനിക ക്യാംപിലായിരുന്നു. പിന്നെ ആര് കൃത്യം നടത്തിയെന്നായിരുന്നു ചോദ്യങ്ങളത്രയും.

രഞ്ജിനിയെ കൊലപ്പെടുത്താന്‍ മാസങ്ങള്‍ക്ക് മുന്‍പേ ആസൂത്രണം നടന്നു. ഇതിനായി ദിവില്‍കുമാറും രാജേഷും ലീവെടുത്ത് കേരളത്തിലെത്തി. രണ്ട് പേരും സ്വന്തം വീട്ടിലേക്ക് പോകാതെ മറ്റൊരിടത്തായിരുന്നു താമസം. ഗര്‍ഭിണിയായതോടെ നാട്ടില്‍ നിന്ന് മാറിയ രഞ്ജിനിയെയും കുടുംബത്തെയും കണ്ടെത്താനായിരുന്നു ആദ്യശ്രമം. തിരുവനന്തപുരം എസ്ഐടി ആശുപത്രിയിലാണ് രഞ്ജിനിയെന്ന് പിന്നീട് മനസിലാക്കി. ഇതോടെ രാജേഷ് മറ്റൊരു പേരില്‍ രഞ്ജിനിയുടെ അമ്മയെ പരിചയപ്പെട്ടു. സഹായിയെന്ന നിലയില്‍ കൂടെകൂടി. കുട്ടികള്‍ ജനിച്ച ശേഷം അവരോടൊപ്പം പോയി നിലവില്‍ താമസിക്കുന്ന വാടകവീടും കണ്ടെത്തി.

ഇതിന് ശേഷമായിരുന്നു കൊലപാതകം. കുട്ടികളെ കഴുത്തറുത്തും രഞ്ജിനിയെ കത്തിക്കൊണ്ട് നെഞ്ചില്‍ കുത്തിയാണ് കൊലപ്പെടുത്തിയതെന്നും രാജേഷ് മൊഴി നല്‍കി. കൊലപാതകം നടന്ന വീട്ടില്‍ നിന്ന് സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വില്‍ക്കുന്ന കടയുടെ ബില്‍ ലഭിച്ചത് അന്വേഷണത്തില്‍ നിര്‍ണായകമായി. ലീവിനെത്തിയ പ്രതികള്‍ സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വാങ്ങിയതിന്‍റെ ബില്ലായിരുന്നു ഇത്. എടിഎമ്മില്‍ നിന്ന് പിന്‍വലിച്ച പണമാണ് കടയില്‍ നല്‍കിയത്. ഈ അക്കൗണ്ട് വിവരങ്ങളും കടയിലെ ജീവനക്കാരന്‍റെ മൊഴിയും അന്വ‍േഷണത്തില്‍ വഴിത്തിരിവുണ്ടാക്കി. കൊലപാതകത്തില്‍ ദിവില്‍ കുമാറിന് പങ്കുണ്ടെന്ന സംശയിച്ച കേരള പൊലീസ് ദിവിലിനെ നാട്ടിലേക്കയക്കാന്‍ സൈനിക കമാന്‍ഡറെ അറിയിച്ചു. 

നാട്ടിലേക്ക് പുറപ്പെട്ട ദിവില്‍ രാജേഷിനോടൊപ്പം പിന്നീട് രക്ഷപ്പെടുകയായിരുന്നു. പുതുച്ചേരിയില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ശേഖരിക്കുന്നത് കേരള പൊലീസാണ്. അന്ന് അന്വേഷണസംഘത്തിലുണ്ടായിരുന്ന സിഐ നിലവില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ടെക്നിക്കല്‍ ഇന്‍റലിജന്‍സ് വിഭാഗത്തിലാണ്.  ഈ കേസിലെ പ്രതികള്‍ ഒളിവിലാണെന്ന വിവരം ഈ  ഉദ്യോഗസ്ഥന്‍ എസ് പി അങ്കിത് അശോകിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. അഞ്ചല്‍ സ്വദേശികൂടിയായ അങ്കിത് അശോകിന്‍റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. എഡിജിപി മനോജ് എബ്രഹമാണ് വിവരങ്ങള്‍ തിരുവനന്തപുരത്തെ സിബിഐ എസ്പിക്ക് കൈമാറുന്നതും പ്രതികളെ പിടികൂടുന്നതും. 

ENGLISH SUMMARY:

Rajesh, who was arrested for killing mother and twins in Anchal, acted alone.