ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ സാമ്പത്തിക ബാധ്യതകളെ പറ്റി അറിയില്ലെന്ന ഡിസിസി വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ മനോരമ ന്യൂസിന്. ബാധ്യത തീർക്കാൻ വിജയൻ പണം പലിശക്കെടുത്തത് ഡിസിസി വൈസ് പ്രസിഡന്റിനെ സാക്ഷിയാക്കി. ബാങ്ക് നിയമനത്തിലൂടെയുണ്ടായ ബാധ്യത തീർക്കാനാണ് എൻ.എം വിജയൻ പണം പലിശക്കെടുത്തത്. അതേ സമയം ആത്മഹത്യക്കു മണിക്കൂറുകൾ മുമ്പ് എൻ.എം വിജയൻ ജില്ലയിലെ ഉന്നത കോൺഗ്രസ് നേതാക്കളെ വിളിച്ചതിന്റെ രേഖകൾ പൊലീസിനു ലഭിച്ചതായും സൂചനയുണ്ട്..
എൻ.എം വിജയന്റെ സാമ്പത്തിക ബാധ്യതകളെ പറ്റി അറിയില്ലെന്നായിരുന്നു ഡിസിസി പ്രസിഡണ്ട് അടക്കമുള്ളവരുടെ വിശദീകരണം. എന്നാൽ വാദം തെറ്റെന്ന് തെളിയിക്കുന്നതും മരണ സമയത്തും വിജയന് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി ഉറപ്പിക്കുന്നതുമായ രേഖകൾ മനോരമ ന്യൂസിനു ലഭിച്ചു. ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ബാധ്യത തീർക്കാൻ 2022 ഏപ്രിലിൽ എൻ.എം വിജയൻ സ്ഥലം ഈടു നൽകി പലിശയ്ക്ക് പണം വാങ്ങിയിരുന്നു. എൻ.എം. വിജയൻ്റെ പേരിൽ ബത്തേരിയിലുള്ള സ്‌ഥലം വിൽക്കുന്നതിനുള്ള വസ്‌തുവിൽപനക്കരാറിലായിരുന്നു പണം നൽകിയത്. ഈ കരാറിലെ സാക്ഷിയായി ഒപ്പിട്ടത് ഡി.സി.സി വൈസ് പ്രസിഡണ്ടുമാരിൽ ഒരാൾ..
ബത്തേരിയിലെ രണ്ടു സഹകരണ ബാങ്കുകളിലൊന്നിൽ നിയമനം തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് ഉദ്യോഗാർഥികളിൽ നിന്ന് പണം വാങ്ങിയിരുന്നു. നിയമനം നൽകാനാവാത്തതോടെ ഉദ്യോഗാർത്ഥികൾ പണം തിരികെ ചോദിച്ചു. ഈ പണം തിരികെ നൽകാനാണ് വിജയൻ പലിശക്ക് പണം വാങ്ങിയതെന്നാണ് വിവരം. പണം തിരിച്ചടക്കാതായതോടെ തൃക്കൈപ്പറ്റ സ്വദേശി കോടതി കയറിയിരുന്നു
ഉദ്യോഗാർഥികളിൽ നിന്നും വാങ്ങിയ പണത്തിൽ ഭൂരിഭാഗവും ജില്ലയിൽ ഒരു പ്രധാന കോൺഗ്രസ് നേതാവിന് കൈമാറി എന്നാണ് കോൺഗ്രസിലെ തന്നെ ചിലർ വ്യക്തമാക്കിയത്. അവസാനം ബാധ്യതകൾ പൂർണമായി വിജയന്റെ മേൽ വന്നുവെന്നും ഈ വിവരങ്ങൾ പൂർണമായും ഡി.സി.സി നേതൃത്വത്തിനറിയാമായിരുന്നെന്നും ആരോപണമുണ്ട്. എൻ.എം വിജയന്റെ ആത്മഹത്യയിൽ ഡി.സി.സി ഉത്തരവാദിയാണെന്നും വിജിലൻസ് അന്വേഷിച്ച് നടപടിയെടുക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് മനോരമ ന്യൂസിനോട് പറഞ്ഞു
അതേ സമയം ഫോൺ രേഖകൾ പരിശോധിച്ചതിൽ ആത്മഹത്യക്കു മണിക്കൂറുകൾ മുമ്പ് എൻ.എം വിജയൻ ജില്ലയിലെ ഉന്നത കോൺഗ്രസ് നേതാക്കളെ വിളിച്ചതിന്റെ രേഖകൾ പൊലീസിനു ലഭിച്ചതായും സൂചനയുണ്ട്. കേസിൽ വിജിലൻസ് അന്വേഷണവും ആരംഭിച്ചു.