അഞ്ചലിലെ വീട്ടില്‍ നിന്ന് രഞ്ജിനിയെയും കുഞ്ഞുങ്ങളെയും കടത്തിക്കൊണ്ടുപോകാന്‍ രാജേഷ് ശ്രമിച്ചതാണെന്നും ദിവില്‍കുമാറിനെക്കൊണ്ട് കല്യാണം കഴിപ്പിക്കാമെന്ന് പറഞ്ഞ് രാജേഷ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും കൊല്ലപ്പെട്ട രഞ്ജിനിയുടെ അമ്മ ശാന്തമ്മ.
മകള്‍ പ്രസവിച്ച് കിടന്നപ്പോള്‍ ആശുപത്രിയില്‍വച്ച് രക്തം വേണോയെന്ന് ചോദിച്ചാണ് അടുപ്പം സ്ഥാപിച്ചത്. വീട്ടില്‍ വരണ്ടായെന്ന് വിലക്കിയിട്ടും രാജേഷ് അഞ്ചലിലെ വീട്ടിലെത്തി. പ്രതികള്‍ക്ക് ഉയര്‍ന്ന ശിക്ഷ ലഭിക്കണമെന്നും ശാന്തമ്മ മനോരമ ന്യൂസിനോട് പറഞ്ഞു.
രഞ്ജിനിയെയും കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത് പിടിയിലായ രാജേഷ് ഒറ്റയ്കക്കെന്ന് കണ്ടെത്തിയിരുന്നു.രണ്ട്മാസം നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമായിരുന്നു കൊലപാതകമെന്ന് സിബിഐയുടെ പിടിയിലായ പ്രതികള്‍ മൊഴി നല്‍കി. കൊല്ലപ്പെട്ട രഞ്ജിനിയുടെ വീട്ടില്‍ നിന്ന് ലഭിച്ച ഒരു ബില്ലാണ് പ്രതികളാരെന്ന് ഉറപ്പിക്കുന്നതില്‍ നിര്‍ണായകമായത്. പ്രതികളെ പിടികൂടിയത് സിബിഐയാണെങ്കിലും പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കൈമാറിയത് കേരള പൊലീസിന്‍റെ ഇന്‍റലിജന്‍സ് വിഭാഗമാണ്.