വാളയാര്‍ പ്രതിഷേധം (ഫയല്‍ ചിത്രം)

വാളയാർ പീഡനക്കേസില്‍ കുട്ടികളുടെ മാതാപിതാക്കൾ പ്രതികൾ. ബലാത്സംഗ പ്രേരണ കുറ്റം ചുമത്തി സിബിഐ. അന്തിമ കുറ്റപത്രം എറണാകുളം സിബിഐ കോടതിയിൽ സമർപ്പിച്ചു. പീഡന വിവരം മറച്ചുവച്ചു, പൊലീസില്‍ അറിയിച്ചില്ല എന്നതാണ് കുട്ടികളുടെ മാതാപിതാക്കള്‍ ചെയ്ത കുറ്റം. ഐപിസി, പോക്സോ നിയമങ്ങള്‍ പ്രകാരമാണ് മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

2017 ജനുവരി 7നും മാർച്ച് 4നുമായാണു പതിമൂന്നും ഒൻപതും വയസ്സുള്ള സഹോദരിമാരെ വീടിനോടു ചേർന്നു ഷീറ്റു മേഞ്ഞ ചായ്പ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ 5 പേരാണ് കേസിലെ പ്രതികൾ. ആദ്യം വിചാരണ നടത്തിയ പാലക്കാട് പോക്സോ കോടതി പ്രതികളെ വിട്ടയച്ചിരുന്നു. എന്നാല്‍ സർക്കാരും കുട്ടികളുടെ അമ്മയും നൽകിയ അപ്പീലുകൾ അനുവദിച്ച ഹൈക്കോടതി 2021 ജനുവരി 6നാണ് വിചാരണക്കോടതിയുടെ ഉത്തരവു റദ്ദാക്കുന്നത്. പുനർവിചാരണയ്ക്കായിരുന്നു കോടതിയുടെ നിര്‍ദേശം. തുടരന്വേഷണം നടത്താമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സർക്കാർ തുടരന്വേഷണത്തിനു പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചെങ്കിലും മാതാപിതാക്കളുടെ ആവശ്യം മാനിച്ചാണ് സിബിഐയെ ചുമതലപ്പെടുത്തുന്നത്. എന്നാൽ അനുമതി വിജ്ഞാപനത്തിൽ മൂത്ത കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ നമ്പർ മാത്രമാണുള്ളതെന്നും ഇളയ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചു പറഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അമ്മ ഹൈക്കോടതിയിലെത്തി. തുടര്‍ന്ന് രണ്ടാമത്തെ കേസും സിബിഐക്കു വിട്ടുകൊണ്ടുള്ള തിരുത്തൽ വിജ്ഞാപനം സർക്കാർ കോടതിക്കു കൈമാറി.

കേസിലെ പ്രതികളില്‍ ആലപ്പുഴ ചേർത്തല സ്വദേശിയായ പ്രദീപ് വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു. പിന്നാലെ നാലാം പ്രതിയായ ചെറിയ മധുവും ജീവനൊടുക്കി. വലിയ മധു, ചെറിയ മധു, ഷിബു, പ്രദീപ് എന്നീ 4 പ്രതികൾക്കെതിരെ 6 കേസുകളാണുണ്ടായിരുന്നത്. രണ്ടു പെൺകുട്ടികളെയും പീഡിപ്പിച്ച കേസിൽ പ്രതിയായ പ്രദീപ് അപ്പീൽ പരിഗണനയിലിരിക്കെ ആത്മഹത്യ ചെയ്തതിനാൽ ഈ കേസുകൾ ഒഴിവാക്കിയിരുന്നു. വലിയ മധു രണ്ട് പെൺകുട്ടികളെയും പീഡിപ്പിച്ച കേസിലും, ചെറിയ മധുവും ഷിബുവും മൂത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്.

ENGLISH SUMMARY:

In the Valayar rape case, the CBI has charged the parents of the children with abetment to rape for concealing the crime and failing to report it to the police. The final charge sheet has been submitted.