നെടുമങ്ങാട് പി.എ അസീസ് എന്‍ജിനീയറിങ് കോളജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഉടമ മുഹമ്മദ് അബ്ദുൾ അസീസ് താഹയുടെതാണെന്ന് ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരണം. വൻകടബാധ്യതയാണ് താഹയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. 

ഡിസംബർ മുപ്പത്തിയൊന്നിനാണ് പി.എ അസീസ് എന്‍ജിനീയറിങ് കോളജ് കെട്ടിടത്തിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്ന് ലഭിച്ച ഷൂസും മൊബൈൽ ഫോണും പുറത്തുണ്ടായിരുന്ന കാറും കോളജ് ചെയർമാനായ കൊല്ലം സ്വദേശി മുഹമ്മദ് അബ്ദുൽ അസീസ് താഹയുടെതാണെന്ന് സ്ഥിരീകരിച്ചെങ്കിലും മൃതദേഹം തിരിച്ചറിയാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ല. അതിനാലാണ് ഡി.എൻ.എ പരിശോധന വേണ്ടിവന്നത്. താഹ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

വൻ കടബാധ്യതയാണ് ഇതിന് കാരണം. ഏതാനും വർഷം അടഞ്ഞുകിടന്ന കോളജ് വീണ്ടും പ്രവർത്തനം ആരംഭിച്ചെങ്കിലും ആദായനികുതി നോട്ടീസ് ഉൾപ്പെടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് താഹ കടന്നുപോയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. 35 കോടി രൂപയുടെ ആദായനികുതി നോട്ടിസ് ഇക്കഴിഞ്ഞ മുപ്പതിന് താഹയ്ക്ക് ലഭിച്ചിരുന്നതായാണ് ബന്ധുക്കളിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുള്ള മൊഴി.

ആത്മഹത്യയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് താഹ എഴുതിയ ഒരു കുറിപ്പും മൊബൈൽ ഫോൺ ഗാലറിയിൽ നിന്ന് കണ്ടെടുത്തു. എന്നാല്‍ സാമ്പത്തക ബാധ്യത തീര്‍ക്കാനുള്ള ആസ്തി താഹയ്ക്കുണ്ടെന്ന വാദവും പൊലീസ് പരിശോധിക്കുന്നുണ്ട്.

ENGLISH SUMMARY:

Burnt body belongs to college owner; bought petrol days ago