ടിപ്പര്‍ ലോറിയില്‍ രൂപമാറ്റം വരുത്തി അനധികൃത ഡീസല്‍ വില്‍പ്പന നടത്തിയവരെ കയ്യോടെ പിടികൂടി പൊലിസ്. കോഴിക്കോട് കൊടിയത്തൂരിലാണ് വിലക്കുറവില്‍ എത്തിച്ച മാഹി ഡീസലുമായി ടിപ്പര്‍ ലോറിയെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
ഒറ്റനോട്ടത്തില്‍ ലോറിയില്‍ സിമന്‍റ് കട്ടകള്‍ കയറ്റിയതാണെന്നേ തോന്നൂ. എന്നാല്‍ സംഭവമതല്ല. സിമന്‍റെ കട്ടയ്ക്കടിയില്‍ വലിയൊരു ടാങ്ക് ഉണ്ടാക്കിയിട്ടുണ്ട്. ഇതില്‍ 1200 ലിറ്ററിലധികം ഡീസല്‍ ശേഖരിക്കാം. പുറക് വശത്ത് പെട്രോള്‍ പമ്പിലേതിന് സമാനരീതിയില്‍ ഡിസ്പെന്‍സറിങ് യൂണിറ്റ് അടക്കം ഘടിപ്പിച്ചാണ് ഇന്ധനവിതരണം. മാഹിയില്‍ നിന്ന് എത്തിച്ച് മലയോര മേഖലയിലാണ് പ്രധാനമായും വിതരണം ചെയ്യുന്നത്. ക്രഷറുകളിലെ വാഹനങ്ങള്‍ക്കും ഇന്ധനം നല്‍കും. പൊതുവിപണിയില്‍ നിന്ന് നാല് രൂപ കുറച്ചുനല്‍കുന്നതിനാല്‍ ഓട്ടോറിക്ഷ തൊഴിലാളികളടക്കം ഒട്ടേറെപ്പേര്‍ സ്ഥിരമായി ഇവരെ തേടിയെത്തുന്നു.
വടകര തിരുവള്ളൂര്‍ സ്വദേശി കുഞ്ഞബ്ദുല്ലയുടെ പേരിലാണ് ലോറി. ഇയാളെ കസ്റ്റഡിയില്‍ എടുക്കാനുള്ള ശ്രമത്തിലാണ് മുക്കം പൊലിസ്.