ലഖ്‌നൗവില്‍ കാമുകിയുടെ ഭർത്താവിനെയും പിതാവിനെയും ഇല്ലാതാക്കാൻ വാടക കൊലയാളികള്‍ക്ക് ക്വട്ടേഷന്‍ നല്‍കി യുവാവ്. എന്നാല്‍ സംഘം കൊലപ്പെടുത്തിയതാകട്ടെ മറ്റൊരാളെയും. ലഖ്‌നൗവില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയതിലുള്ള അന്വേഷണമാണ് ക്രൂരമായ ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവന്നത്. സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്ന് നാടൻ തോക്ക്, 14 ലൈവ് ബുള്ളറ്റുകൾ, മൂന്ന് സെൽഫോണുകൾ, ബൈക്ക് എന്നിവ കണ്ടെടുത്തു.
ഡിസംബർ 30 ന് ലഖ്‌നൗവിലെ മദെഹ്ഗഞ്ചിൽ നിന്നാണ് കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. കൂടുതല്‍ അന്വേഷണത്തില്‍ മുഹമ്മദ് റിസ്വാൻ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും ലോക്കൽ പോലീസും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു. പിന്നാലെ മൂന്ന് പ്രതികളെ പിടികൂടുകയും ചെയ്തു. അഫ്താബ് അഹമ്മദ്, യാസിർ, കൃഷ്ണകാന്ത് എന്നിവരെയാണ് അറസ്റ്റ് ചെയതത്.
മുഖ്യപ്രതി അഫ്താബ് അഹമ്മദാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. അഫ്താബ് കുറേകാലമായി മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായിരുന്നു. തുടര്‍ന്ന് സ്ത്രീയുടെ ഭർത്താവിനെയും പിതാവിനെയും വകവരുത്താനായി യാസിറിനെ സമീപിച്ചു. തുടർന്ന് യാസിറും കൃഷ്ണകാന്തും ചേര്‍ന്ന് ഡിസംബർ 30 ന് രാത്രി യുവതിയുടെ പിതാവ് ഇർഫാനെ കൊലപ്പെടുത്താൻ മദെഹ്ഗഞ്ചിലെത്തി. എന്നാല്‍ ആളുമാറി റിസ്വാനെ കൊലപ്പെടുത്തുകയായിരുന്നു.