കിഴക്കൻ ചക്രവാളത്തിൽ തെളിഞ്ഞ മകരജ്യോതിയായ നക്ഷത്രവും പൊന്നമ്പമേട്ടിലെ ദീപപ്രഭയും വ്രതശുദ്ധിയുടെ മനസ്സുകൾക്കു സാഫല്യത്തിന്റെ പൊൻപ്രഭയായി. ഭക്തര്‍ അനുഗ്രഹ വർഷത്തിന്റെ പൊൻകിരണങ്ങൾ ഏറ്റുവാങ്ങി . സംക്രമസന്ധ്യയുടെ പുണ്യമായി കര നക്ഷത്രവും പൊന്നമ്പലമേട്ടിൽ ദീപവും തെളിഞ്ഞപ്പോൾ ഭക്‌തകോടികളുടെ കണ്‌ഠങ്ങളിൽ നിന്നുയർന്ന ശരണംവിളിക്ക് ഒരേതാളമായിരുന്നു. ഒരേനാദമായിരുന്നു. ‘സ്വാമിയേ... ശരണമയ്യപ്പാ...
കാനനവാസനായ മണികണ്‌ഠൻ തിരുവാഭരണ വിഭൂഷിതനായി ദർശനമരുളുന്നതു കാണാൻ, മകരജ്യോതി കണ്ടു തൊഴാൻ രണ്ടുലക്ഷത്തോളം ഭക്തരാണ് സന്നിധാനത്തും പരിസരങ്ങളിലുമായി കാത്തിരുന്നത്. എല്ലാവരുടേയും മനസ്സിൽ ജ്യോതിസ്വരൂപന്റെ പുണ്യരൂപമായിരുന്നു. കാതിൽ അയ്യപ്പമന്ത്രമായിരുന്നു.
രാവിലെ മകരവിളക്ക് പൂജയ്ക്ക് പിന്നാലെ ഉച്ചയോടെ പതിനെട്ടാംപടി സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി. തിരുവാഭരണ ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ ആചാരപരമായ വരവേല്‍പ് നല്‍കി. ഘോഷയാത്ര പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിലെത്തി. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന. ആകാശത്ത് മകര നക്ഷത്രവും പോന്നമ്പല മേട്ടില്‍ മകര ജ്യോതിയും ഈ സമയത്ത് തെളിഞ്ഞു. തിരുവാഭരണ വിഭൂഷിതനായ ശാസ്താവിനെക്കണ്ടു മനംനിറഞ്ഞ് തീർഥാടകർ മലയിറങ്ങി.