ഷൊർണൂരിൽ ചെറിയ തുക നൽകി ഉടമയെ കബളിപ്പിച്ചു കാർ തട്ടിയെടുത്തെന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. തിരുമിറ്റക്കോട് കറുകപുത്തൂർ സ്വദേശി ഹസൈനാർ എന്ന ഹസനാണ് പൊലീസിൻ്റെ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
വാണിയംകുളം പാവുക്കോണം സ്വദേശിയുടെ പരാതിയിലാണു നടപടി. 2023 ഫെബ്രുവരി ആറിന് ഷൊർണൂരിൽ വച്ചാണു 35,000 രൂപ മുന്‍കൂര്‍ നൽകി പ്രതികൾ കാർ കൊണ്ടുപോയത്. ബാക്കി പണം നൽകുകയോ വാഹനം തിരികെ ഏൽപ്പിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ ഉടമ പരാതിയുമായി ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. കോടതി നിർദേശ പ്രകാരമാണു ഷൊർണൂർ പൊലീസ് കേസെടുത്തത്.
ഇതിനു പിന്നാലെ നടന്ന അന്വേഷണത്തിലായിരുന്നു നാലുപേരുടെ അറസ്റ്റ്. കേസ് ഒതുക്കിത്തീർക്കാനായി പ്രതികളിൽ നിന്ന് 25000 രൂപ വാങ്ങിയെന്ന കേസിൽ ചെറുതുരുത്തി സ്വദേശിയായ മറ്റൊരു യുവാവും നേരത്തെ പിടിയിലായി. കാർ കോയമ്പത്തൂരിലേക്കു മറിച്ചു വിറ്റത് ഒടുവില്‍ അറസ്റ്റിലായ ഹസൈനാർ ആണെന്നാണു കണ്ടെത്തലെന്നു പൊലീസ് അറിയിച്ചു. കാർ പൊളിച്ചു വിറ്റെന്നാണു കരുതുന്നത്. ഇയാളുടെ പേരിൽ വയനാട് ജില്ലയിൽ കേസുകളുണ്ട്. ഇൻസ്പെക്ടർ വി.രവികുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.