കളിയാക്കിയെന്ന കാരണത്താല്‍ ഒറ്റപ്പാലം വാണിവിലാസിനിയിൽ സ്ഫോടകവസ്തു എറിഞ്ഞ് രണ്ട് തൊഴിലാളികളെ പരുക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചുനങ്ങാട് മനയങ്കത്ത് നീരജിനെയാണ് കോയമ്പത്തൂർ പോത്തനൂരിൽ നിന്നു ഒറ്റപ്പാലം പൊലീസ് പിടികൂടിയത്. കളിയാക്കിയവരെ ആക്രമിക്കാന്‍ മൂന്ന് തവണ ഉചിതമായ സാഹചര്യം നോക്കി നീരജ് കാത്തിരുന്നുവെന്നാണ് മൊഴി.
യുവാക്കള്‍ക്ക് നേരെ എറിഞ്ഞതു പെട്രോൾ ബോംബാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിനു ശേഷം ട്രെയിൻമാർഗം കൊച്ചിയിലേക്കു കടന്ന നീരജ് ഇവിടെ നിന്നാണു പോത്തനൂരിലേക്കു രക്ഷപ്പെട്ടത്. നിസാര കാരണങ്ങളുടെ പേരിലായിരുന്നു ആക്രമണം. തൊഴിലാളികൾ പതിവായി കളിയാക്കുന്നുവെന്ന ധാരണയാണ് ആക്രമണത്തിലേക്കു നയിച്ചതെന്നു പൊലീസ് അറിയിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ വിഷ്ണു, പ്രിയേഷ് എന്നിവർക്കാണു ബോംബേറിൽ പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വിഷ്ണുവിന് 50 ശതമാനത്തിനു മുകളിൽ പൊള്ളലേറ്റിട്ടുണ്ട്. വാണിവിലാസിനിയിൽ നിർമാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിലെ കുളത്തിന്റെ പടവ് നിര്‍മാണത്തിനെത്തിയ തൊഴിലാളികൾക്ക് നേരെയായിരുന്നു കഴിഞ്ഞ ദിവസം പുലർച്ചെ ആക്രമണമുണ്ടായത്. ഷൊർണൂർ ഡിവൈഎസ്പി ആർ.മനോജ് കുമാർ, ഒറ്റപ്പാലം ഇൻസ്പെക്ടർ എ.അജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.