മലപ്പുറം കൂട്ടിലങ്ങാടിയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ച് കടന്നു കളഞ്ഞ കാർ ഡ്രൈവറെ 3 മാസത്തിനു ശേഷം പിടികൂടി. മഞ്ചേരി സ്വദേശി റാഫിയാണ് പിടിയിലായത്. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കൂട്ടിലങ്ങാടി സ്വദേശി സുനീറിന്റെ ദുരനുഭവം മനോരമ ന്യൂസ് വാർത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ അതിവേഗ നടപടി.
അപകടം നടന്ന് മൂന്ന് മാസത്തിന് ശേഷമാണു പ്രതി പിടിയിലാക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 18ന് പുലർച്ചയാണ് സംഭവം നടക്കുന്നത്. മഞ്ചേരി പള്ളിപ്പുറം റോഡിലൂടെ ബൈക്കിൽ പോയ സുനീറിനെ എതിരെ വന്ന കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുനീറിനെ അതുവഴി വന്ന ഓട്ടോ ഡ്രൈവർ ആണ് ആശുപത്രിയിലേക്ക് മാറ്റിയത്. കിട്ടാവുന്ന സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ച് സുനീറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പൊലീസിൽ പരാതി നൽകി.
രണ്ടുമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാതായതോടെ ജില്ലാ പോലീസ് മേധാവി അടക്കം പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അപകടം നടന്ന സ്ഥലത്തു അപകടം ഉണ്ടായ സമയം കടന്നു പോയ മൊബൈൽ നമ്പറുകളുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച ആയിരുന്നു പൊലീസിന്റെ അന്വേഷണം. അന്വേഷണം ചെന്നെത്തിയത് മഞ്ചേരി സ്വദേശി റാഫിയിലേക്ക്. ഇയാളെ പൊലീസ് പിടികൂടി. സുനീറിനെ ഇടിച്ചു വീഴ്ത്തിയ കാറും കസ്റ്റഡിയിലെടുത്തു.