TOPICS COVERED

ഇടുക്കി രാമക്കൽമേട്ടിൽ മകനെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. രാമക്കൽമേട് സ്വദേശി രവീന്ദ്രനാണ് അറസ്റ്റിലായത്. മകൻ ഗംഗാധരനെ രവീന്ദ്രൻ തലക്കടിച്ചു കൊന്നെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് 

കഴിഞ്ഞദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഗംഗാധരനും പിതാവ് രവീന്ദ്രനും തമ്മിൽ വാക്കുതർക്കമുണ്ടായി. വീട്ടിൽ വലിയ ശബ്ദത്തിൽ ഗംഗാധരൻ പാട്ട് വെച്ചത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു തർക്കം. പലതവണ പാട്ട് നിർത്താൻ പറഞ്ഞിട്ടും ഗംഗാധരൻ കേൾക്കാതെ വന്നതോടെ പ്രകോപിതനായ രവീന്ദ്രൻ കാപ്പിവടി ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നു. മർദനത്തിന്റെ ആഘാതത്തിൽ ഗംഗാധരന്റെ തലയിൽ നിന്നും രക്തം വാർന്നൊഴുകി. 

പിന്നീട് രവീന്ദ്രൻ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരാണ് ഗംഗാധരനെ ആശുപത്രിയിൽ എത്തിച്ചത്. വീട്ടുമുറ്റത്ത് ഇറങ്ങിയപ്പോൾ വീണതാണ് തലയ്ക്ക് പരിക്കേൽക്കാൻ കാരണമെന്നാണ് രവീന്ദ്രൻ നാട്ടുകാരോട് പറഞ്ഞത്. എന്നാൽ ആശുപത്രിയിൽ എത്തിയ ശേഷം ഡോക്ടറോട് കാപ്പി വടിക്ക് അടിച്ച കാര്യം രവീന്ദ്രൻ സമ്മതിച്ചു. ഇതോടെയാണ് കമ്പംമെട്ട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇന്ന് പുലർച്ചയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്ത ശേഷം രവീന്ദ്രനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

ENGLISH SUMMARY:

Father arrested for murdering son in Ramakkalmedtu, Idukki