കൊല്ലം ശാസ്താംകോട്ട കാരാളിമുക്കില്‍ ലൈസന്‍സ് ഇല്ലാതെ ബൈക്ക് ഒാടിച്ച് അഞ്ചാംക്ളാസ് വിദ്യാര്‍ഥിയുടെ ജീവനെടുത്ത പതിനെട്ടുവയസുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ബൈക്കിടിച്ച് വീഴ്ത്തി രക്ഷപെട്ട അരിനല്ലൂർ സ്വദേശി ബേസ് ലിന്‍ ബ്രിട്ടോയാണ് ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്. കാരാളിമുക്ക് സ്വദേശി അനില്‍കുമാറിന്റെ മകന്‍ എ.അഭിരാമാണ് അപകടത്തില്‍ മരിച്ചത്.
അഭിരാമിന്റെ വേര്‍പാടില്‍ നാടൊന്നാകെ ദുഖത്തിലാണ്. കാരാളിമുക്ക് കടപുഴ റോഡില്‍ ശനിയാഴ്ച വൈകിട്ട് ബൈക്കിടിച്ചാണ് നെടുമ്പ്രത്ത് തെക്കതിൽ അനിൽകുമാറിന്റേയും അംബികയുടെയും മകൻ പതിനൊന്നു വയസുളള എ അഭിരാം മരിച്ചത്. റോഡു വശത്തുകൂടി നടന്നു പോകുമ്പോള്‍ കാരാളിമുക്കില്‍ നിന്ന് പാഞ്ഞെത്തിയ ബൈക്ക് അഭിരാമിനെ ഇടിച്ച് വീഴ്ത്തി. ബൈക്ക് ഒാടിച്ച അരിനല്ലൂർ കോവൂർ പരിശവിള പടിഞ്ഞാറ്റതിൽ ബേസ് ലിന്‍ ബ്രിട്ടോ സ്ഥലത്തു നിന്ന് രക്ഷപെട്ടിരുന്നു. സഹോദരന്റെ ബൈക്കില്‍ കറങ്ങിനടക്കുമ്പോഴാണ് ബൈക്ക് ഒാടിക്കാന്‍ ലൈസന്‍സ് പോലുമില്ലാത്ത ബേസ്ലിന്‍ അപകടമുണ്ടാക്കിയത്.
മനപൂര്‍വം അല്ലാത്ത നരഹത്യയ്ക്കാണ് ശാസ്താംകോട്ട പൊലീസ് ബേസ്്ലിനെതിരെ കേസെടുത്ത് അറസ്റ്റു ചെയ്തതത്. ബൈക്കിടിച്ച ശേഷം നിര്‍ത്തിയില്ലെന്ന് മാത്രമല്ല കുട്ടിയെ റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു. അഭിരാമിന്റെ തോളിലുണ്ടായിരുന്ന ബാഗിന്റെ വളളി ബൈക്കിന്റെ ഹാന്‍ഡിലില്‍ കുടുങ്ങിയപ്പോള്‍ കുട്ടിയെ വലിച്ചിഴച്ച് മുപ്പതു മീറ്ററോളം മുന്നോട്ടു നീങ്ങിയാണ് അഭിരാം വീണത്. ബേസ് ലിനെ അപകട സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കോതപുരം എസ്.എൻ സെൻട്രൽ സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർഥിയായിരുന്നു അഭിരാം.