ആലപ്പുഴയിൽ ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം നിർത്താതെ പോയ കാറിനെ പിൻതുടർന്ന ട്രാഫിക് എസ്ഐക്ക് കിട്ടിയത് നിരവധി മോഷണ കേസുകളിലെ പ്രതിയെയും മോഷ്ടിച്ച കാറും. ട്രാഫിക് പൊലീസ് പിന്തുടർന്നാണ് പ്രതികയെ പിടികൂടിയത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ആലപ്പുഴ കാട്ടൂർ സ്വദേശി മെൽവിൻ എന്ന നിഖിലിനെയാണ് ട്രാഫിക് എസ്.ഐ മണികണ്ഠൻ പിടികൂടിയത്. പൊലിസ് സ്റ്റേഷനിൽ മുഖം മറച്ചു നിന്ന പ്രതിയോട് മുഖം കാണിക്കാൻ പൊലിസ് ആവശ്യപ്പെട്ടപ്പോൾ ഞാൻ അന്താരാഷ്ട്ര കള്ളനൊന്നുമല്ലല്ലോ സാറേ എന്നായിരുന്നു കള്ളന്റെ പ്രതികരണം.
രാവിലെ 11 മണിയോടെ ആലപ്പുഴ കൈതവനയ്ക്ക് സമീപം സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയെന്ന് ട്രാഫിക് എസ് ഐ പി സി മണിക്കുട്ടന് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡിന്റെ ഫോൺ സന്ദേശം കിട്ടി. നിർത്താതെ പോയ കാറിന്റെ നമ്പരും കിട്ടിയതോടെ ട്രാഫിക് പൊലീസ് സംഘം അന്വേഷണമായി . കാറിന്റെ നമ്പർ വച്ച് ഉടമയോട് അന്വേഷിച്ചപ്പോൾ പെരുമ്പാവൂരിൽ നിന്ന് കാർ മോഷണം പോയെന്നും പൊലിസിൽ പരാതി നൽകിയിട്ടുണ്ടെന്നും അറിയിച്ചു. കാർ ചങ്ങനാശേരി റോഡിലേക്ക് കയറിയെങ്കിലും അതേ റൂട്ടിൽ പോകാതെ നഗരത്തിലേക്ക് പോയതായി പൊലിസ് മനസിലാക്കി. അന്വേഷിച്ചു നടക്കുന്നതിനിടെ ഇരുമ്പുപാലത്തിനു സമീപം കാർ കണ്ടെത്തി. ട്രാഫിക് എസ് ഐ മണികണ്ഠനും സംഘവും കാർ പിന്തുടർന്ന് ആലപ്പുഴ ഗേൾസ് സ്കൂളിന് സമീപം പൊലീസ് ജീപ്പ് വട്ടമിട്ട് പ്രതിയെ പിടികൂടി
നിരവധി വാഹന മോഷണക്കേസുകളിലടക്കം പ്രതിയായ ആലപ്പുഴ കാട്ടൂർ സ്വദേശി മെൽവിൻ എന്ന നിഖിലാണ് കാറിലുണ്ടായിരുന്നത്. സൗത്ത് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിൽ നിന്ന് ചൊവ്വാഴ്ചയാണ് ഇയാൾ കാർ മോഷ്ടിച്ചത്. സ്റ്റേഷനിൽ എത്തിച്ചപ്പോൾ മുഖം ബനിയൻ കൊണ്ട് മറച്ചിരുന്നു മുഖം കാണിക്കാൻ പറഞ്ഞപ്പോൾ പ്രതിയുടെ പ്രതികരണം ഇങ്ങനെ ‘ഇല്ല സാറേ ,ഞാൻ അന്താരാഷ്ട്ര കള്ളനൊന്നും അല്ലല്ലോ’. കള്ളന്റെ വാദം അംഗീകരിച്ച് തിരികെ ഇയാളെ സ്റ്റേഷനിലേക്ക് പൊലിസ് കൊണ്ടു പോയി
മണ്ണഞ്ചേരി പോലീസ് ഇയാളെ കാപ്പാ നടപടിക്ക് വിധേയമാക്കാനിരിക്കെയാണ് പിടിയിലായത്