തിരുവനന്തപുരം മാറനല്ലൂരിൽ പാൽക്കാരനെ കാറിടിച്ച് തെറിപ്പിച്ചത് മത്സര ഓട്ടത്തിനിടയിലാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സ്ത്രീയോട് അവമര്യാതയായി പെരുമാറിയ ശേഷം ആയിരുന്നു മത്സരയോട്ടം. രണ്ട് വാഹനങ്ങളിലും ഉണ്ടായിരുന്നത് നിരവധി കവർച്ച തട്ടിപ്പ് കേസുകളിൽ പ്രതികളായ നവാസും പ്രവീണമാണെന്നും പൊലീസ് കണ്ടെത്തി.
മാറനല്ലൂരിൽ പാൽക്കാരൻ മുരുകനെ ഇടിച്ചുതെറിപ്പിച്ച കാറും മറ്റൊരു വാഹനവും പാഞ്ഞു വരുന്നതിന്റെ ദൃശ്യങ്ങളാണ് ഈ കണ്ടത്. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ ടയർ ഊരി തെറിച്ചിരുന്നു. കാറിൽ ഉണ്ടായിരുന്ന മോഷണക്കേസുകളിൽ പ്രതിയായ ബാറ്ററി നവാസിനെ നാട്ടുകാർ തന്നെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഒരു സ്ത്രീയോട് അവമര്യാദയായി പെരുമാറിയ ശേഷമാണ് നവാസ് അതിവേഗത്തിൽ കാർ ഓടിച്ചു വന്നതെന്നാണ് വിവരം. നവാസിന്റെ കാറിനെ ബൈക്കുകളിൽ പിന്തുടർന്നെത്തിയ ഒരുകൂട്ടം യുവാക്കൾ അയാളെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേസമയം നവാസിന്റെ കാറിന്റെ പിന്നിൽ മത്സരയോട്ടം നടത്തിയെത്തിയ മറ്റൊരു വാഹനത്തിൽ ഉണ്ടായിരുന്നത് നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ പ്രവീൺ ആണെന്ന് പൊലീസ് കണ്ടെത്തി. നവാസും പ്രവീണും ഒരുമിച്ചായിരുന്നോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. നവാസ് സ്ത്രീയോട് അപമര്യാതയായി പെരുമാറിയ സംഭവത്തിലും പോലീസ് അന്വേഷണം നടക്കുകയാണ്. അതേസമയം, അപകടത്തിൽ രണ്ട് കാലുകളും ഒടിഞ്ഞ മുരുകൻ മെഡിക്കൽ കോളേജിൽ ഐസിയുവിലാണ്.