neyyattinkara-samadhi
  • ഗോപന്‍ സ്വാമിയുടെ മൃതദേഹം കല്ലറയില്‍നിന്ന് പുറത്തെടുത്തു
  • പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി
  • കല്ലറ തുറന്നതും നടപടികള്‍ പൂര്‍ത്തിയാക്കിയതും വന്‍ പൊലീസ് സുരക്ഷയില്‍

നെയ്യാറ്റിന്‍കരയില്‍ സമാധിയിരുത്തിയെന്ന് മക്കള്‍ അവകാശപ്പെട്ട  ഗോപന്‍ സ്വാമിയുടെ മൃതദേഹം കല്ലറയില്‍നിന്ന് പുറത്തെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു. രാവിലെ വന്‍ പൊലീസ് സുരക്ഷയിലാണ് കല്ലറ തുറന്നത്. സബ് കലക്ടറര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. 

 

കല്ലറയില്‍  ഇരിക്കുന്ന നിലയിലായിരുന്നു ഗോപന്‍ സ്വാമിയുടെ മൃതദേഹം. കഴുത്തുവരെ ഭസ്മം മൂടിയിരുന്നതായി സാക്ഷിയായ കൗണ്‍സിലര്‍ പറഞ്ഞു. മുഖം തിരിച്ചറിയാന്‍ കഴിഞ്ഞെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഏറ്റെടുക്കുമെന്ന് ഗോപന്‍ സ്വാമിയുടെ കുടുംബം അറിയിച്ചു. പൊലീസ് ജീപ്പിലാണ് കുടുംബത്തെ മെഡി.കോളജിലേക്ക് കൊണ്ടുപോയത്. 

നടപടിക്കുശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കുമെന്ന് സബ്കലക്ടര്‍ ഒ.വി. ആല്‍ഫ്രഡ്. കുടുംബത്തോട് ഇന്ന് രണ്ടുതവണ സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. 

സമാധി തുറന്നപ്പോള്‍ എതിര്‍പ്പുകളോ ബുദ്ധിമുട്ടുകളോ ഉണ്ടായില്ല. കല്ലറ തുറക്കുമ്പോള്‍ ഗോപന്‍ സ്വാമിയുടെ കുടുംബം വീട്ടില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

വീട്ടുവളപ്പിൽ ക്ഷേത്രവും പൂജയും നടത്തിയിരുന്ന ഗോപൻ സ്വാമിയെ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് മക്കളും ഭാര്യയും ചേർന്ന് കോൺക്രീറ്റ് അറയുണ്ടാക്കി സമാധി ഇരുത്തിയത്. അച്ഛന്റെ ആഗ്രഹ പ്രകാരം സമാധി ഇരുത്തിയെന്നാണ് മക്കൾ പറയുന്നത്. എന്നാൽ കൊലപ്പെടുത്തിയെന്ന സംശയം നാട്ടുകാർ ഉന്നയിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്. 

പിതാവിനെ മക്കള്‍ സമാധിയിരുത്തിയതില്‍ ബന്ധുക്കളുടെ മൊഴികളില്‍ പൊരുത്തക്കേടെന്ന് പൊലീസ് പറഞ്ഞു. ജീവനോടെയാണ് സമാധിയിരുത്തിയതെന്ന് തെളിഞ്ഞാല്‍ മക്കളും ഭാര്യയും കൊലക്കേസില്‍ പ്രതികളാവും. ഗോപന്‍ സ്വാമിയെന്ന് അറിയപ്പെടുന്ന നെയ്യാറ്റിന്‍കര ആറാലുംമൂട് സിദ്ധന്‍ ഭവനില്‍ മണിയനെന്ന ഗോപനെയാണ് രണ്ട് ആണ്‍മക്കളും ഭാര്യയും ചേര്‍ന്ന് വീട്ടുമുറ്റത്ത് കോണ്‍ക്രീറ്റ് അറയുണ്ടാക്കി സമാധിയിരുത്തിയത്. 

മരണസമയം മുന്‍കൂട്ടി കണ്ട അച്ഛന്‍ അവിടെയിരുന്ന് സമാധിയായെന്നാണ് ഇളയ മകന്‍ പറയുന്നത്. വീട്ടില്‍ കിടന്ന് മരിച്ച അച്ഛനെ കോണ്‍ക്രീറ്റ് തറയുടെ സ്ഥലത്ത് കൊണ്ട് സമാധിയിരുത്തിയെന്നാണ് മൂത്തമകന്‍റെ മൊഴി. രണ്ട് ദിവസമായി കിടപ്പിലായിരുന്ന ഗോപന്‍ എഴുന്നേറ്റ് നടന്ന് പോയി സമാധി സ്ഥലത്ത് ഇരിക്കാനുള്ള സാധ്യതയില്ലെന്നാണ് മറ്റൊരു ബന്ധുവിന്‍റെ മൊഴി. 

മൊഴികളിലെ പൊരുത്തക്കേടും മരണവിവരം പുറത്തറിയിക്കാത്തതുമാണ് ദുരൂഹതക്ക് കാരണം. കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍ സനന്ദനന്‍ പറഞ്ഞിരുന്നു. കല്ലറ പൊളിക്കാനുള്ള തീരുമാനം മതവികാരം വ്രണപ്പെടുത്തുന്നതാണ്. പൊലീസ് നോട്ടിസ് നല്‍കിയിട്ടില്ല, മൊഴി എടുത്തിരുന്നു. സമാധി പോസ്റ്റര്‍ അടിച്ചത് താന്‍ തന്നെയെന്നും നിയമനടപടി ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും മകന്‍ പറഞ്ഞിരുന്നു. 

കല്ലറ പൊളിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാന്‍ കഴിയണമെന്നായിരുന്നു കുടുംബം ഹര്‍ജിയില്‍ പറഞ്ഞത്. പൊളിക്കല്‍ നടപടിയുമായി പൊലീസ് മുന്നോട്ട് പോകുന്നത് വിശ്വാസത്തെ വ്രണപ്പെടുത്താനാണെന്നും കുടുംബം ആരോപിച്ചിരുന്നു.  

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കാമെന്നും അന്വേഷണത്തിനായി കല്ലറ തുറക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. കല്ലറ പൊളിക്കാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ നല്‍കിയില്ല. കോടതി വിധി അംഗീകരിക്കാനാകില്ലെന്നു പറഞ്ഞ ഗോപന്‍ സ്വാമിയുടെ മകന്‍ അച്ഛന്‍ മരിച്ചതല്ല സമാധിയാണെന്ന് ആവര്‍ത്തിച്ചു.

ഗോപന്‍ സ്വാമിയുടെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്നായിരുന്നു ജസ്റ്റിസ് സി.എസ്.ഡയസിന്‍റെ ആദ്യ ചോദ്യം. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആയി കണക്കാക്കേണ്ടിവരും. അല്ലെങ്കില്‍ കല്ലറ തുറന്നുള്ള അന്വേഷണം തടയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ട്. സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണം. ഗോപന്‍ സ്വാമിയുടെ മരണം അംഗീകരിച്ചത് ആരെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. കല്ലറ തുറക്കുന്നതില്‍ എന്തിനാണ് ഭയമെന്നും ബന്ധുക്കളോട് ഹൈക്കോടതി ആരാഞ്ഞിരുന്നു. 

ENGLISH SUMMARY:

Neyyattinkara Gopan Swami's body has been shifted to the medical college; police are working to solve the mystery