neyyatinkara-samadhi-contro
  • നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ ഇന്ന് പൊളിക്കാനുറച്ച് പൊലീസ്
  • പൊലീസ് നടപടിക്ക് ജില്ലാ ഭരണകൂടം അനുമതി നല്‍കി
  • പ്രതിഷേധങ്ങളുണ്ടായാല്‍ നേരിടാന്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ ഇന്ന് പൊളിക്കാനുറച്ച് പൊലീസ്. ഹൈക്കോടതി അനുകൂല നിലപാടെടടുത്തതോടെ പൊലീസ് നടപടിക്ക് ജില്ലാ ഭരണകൂടം അനുമതി നല്‍കി. രാവിലെ 9 മണിയോടെ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പൊളിക്കാനാണ് ആലോചന. പ്രതിഷേധങ്ങളുണ്ടായാല്‍ നേരിടാന്‍ കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിക്കും. ഇതിനായി ക്യാംപില്‍ നിന്നടക്കം പൊലീസിനോട് രാവിലെ തന്നെ സ്ഥലത്തെത്താന്‍ നിര്‍ദേശിച്ചു. 

ഗോപന്‍ സ്വാമി എന്ന് അറിയപ്പെട്ടിരുന്ന മണിയന്‍ കഴിഞ്ഞ വ്യാഴാഴ്ച സമാധിയായെന്നും മരിച്ചിരുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് അറ പണിതെന്നുമാണ് മക്കള്‍ പറയുന്നത്. എന്നാല്‍ കോണ്‍ക്രീറ്റ് അറയ്ക്കുള്ളില്‍ ഗോപന്‍റെ മൃതദേഹമുണ്ടോ, ഉണ്ടെങ്കില്‍ ഗോപന്‍ മരിച്ചത് എങ്ങിനെ, ഈ രണ്ട് കാര്യങ്ങള്‍ കണ്ടെത്തണമെന്നാണ് പൊലീസ് തീരുമാനം. അതിനാല്‍ കല്ലറ തുറക്കുമ്പോള്‍ മൃതദേഹം കണ്ടെത്തിയാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി പോസ്റ്റുമോര്‍ട്ടംനടത്തും.

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കാമെന്നും അന്വേഷണത്തിനായി കല്ലറ തുറക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. കല്ലറ പൊളിക്കാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ നല്‍കിയില്ല. കോടതി വിധി അംഗീകരിക്കാനാകില്ലെന്നു പറഞ്ഞ ഗോപന്‍ സ്വാമിയുടെ മകന്‍ അച്ഛന്‍ മരിച്ചതല്ല സമാധിയാണെന്ന് ആവര്‍ത്തിച്ചു

ഗോപന്‍ സ്വാമിയുടെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്നായിരുന്നു ജസ്റ്റിസ് സി.എസ്.ഡയസിന്‍റെ ആദ്യ ചോദ്യം. മരണ സര്‍ട്ടഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആയി കണക്കാക്കേണ്ടിവരും. അല്ലെങ്കില്‍ കല്ലറ തുറന്നുള്ള അന്വേഷണം തടയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ട്. സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണം. ഗോപന്‍ സ്വാമിയുടെ മരണം അംഗീകരിച്ചത് ആരെന്നും ഹൈക്കോടതി ചോദിച്ചു.  

കല്ലറ തുറക്കുന്നതില്‍ എന്തിനാണ് ഭയമെന്നും ബന്ധുക്കളോട് ഹൈക്കോടതി ആരാഞ്ഞു. ഹര്‍ജിയില്‍ തിരുവനന്തപുരം ജില്ലാ കലക്ടറോടും നെയ്യാറ്റിന്‍കര ആര്‍ഡിഒയോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.  

ENGLISH SUMMARY:

Neyyattinkara Gopan Swami's 'Samadhi Peedham' will be opened today