നെന്മാറയില്‍ കൊല്ലപ്പെട്ട സുധാകരന്റെയും അമ്മയുടെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ വികാരനിര്‍ഭരരംഗങ്ങള്‍. മൃതദേഹങ്ങള്‍ക്കരികെ പൊട്ടിക്കരയുന്ന സുധാകരന്റെ രണ്ടു പെണ്‍മക്കള്‍ കണ്ടുനിന്നവരുടെ കണ്ണുകളേയും ഈറനാക്കി. ആശ്വസിപ്പിക്കാനാകാതെ  ബന്ധുക്കള്‍. എലവഞ്ചേരി പഞ്ചായത്ത് ശ്മശാനത്തിലാണ് 

സുധാകരന്‍റെ സംസ്കാരം . ലക്ഷ്മിയുടെ സംസ്കാരം നെന്മാറ പഞ്ചായത്ത് ശ്മശാനത്തിലും. സുധാകരന്‍റെ പെണ്‍മക്കള്‍ ബന്ധുവീട്ടിലേക്ക് മാറി

ഇരുട്ടില്‍ തപ്പി പൊലീസ്

നെന്മാറയില്‍ പൊലീസിന്‍റെ ഗുരുതര വീഴ്ചയെത്തുടര്‍ന്നുണ്ടായ ഇരട്ടക്കൊലയിലെ പ്രതിയെ,  ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞിട്ടും പിടികൂടാനാകാതെ ഇരുട്ടില്‍തപ്പി പൊലീസ്. പ്രതി ഒളിവില്‍ പോയേക്കുമെന്ന് സംശയിച്ച തിരുപ്പൂരിലടക്കം തിരഞ്ഞിട്ടും ഒരു തുമ്പും കിട്ടിയില്ല. പ്രതി ആത്മഹത്യ ചെയ്തോ എന്ന സംശയത്തില്‍ പ്രദേശത്തെ കുളങ്ങളിലും കിണറുകളിലുമടക്കം അഗ്നിരക്ഷാസേനയുടെ സഹായത്തോടെ പരിശോധന നടത്തി. പ്രതി ചെന്താമര പാലക്കാട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നഗരത്തിലും കോട്ടമൈതാനത്തും തിരഞ്ഞു.  ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നാലു സംഘങ്ങളായി തിരിഞ്ഞാണ് വ്യാപക തിര‍ച്ചില്‍. അതിനിടെ പൊലീസ് വീഴ്ച ആരോപിച്ച് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി. 

‘പ്രതി കൊടിയ അന്ധവിശ്വാസി’

പാലക്കാട് നെന്മാറയിലെ ഇരട്ടക്കൊലക്കേസ് പ്രതി കൊടിയ അന്ധവിശ്വാസിയെന്ന് ചെന്താമരയുടെ അമ്മാവന്‍ മനോരമ ന്യൂസിനോട്. അയല്‍വീട്ടിലെ മുടിയുള്ള സ്ത്രീയാണ് കുടുംബപ്രശ്നത്തിന് കാരണമെന്ന് ജ്യോത്സ്യന്‍ പറഞ്ഞത് പ്രകാരമാണ് സജിതയെ കൊലപ്പെടുത്തിയതെന്നും വെളിപ്പെടുത്തല്‍. അതിനിടെ പ്രതി, പുഷ്പ എന്ന മറ്റൊരു സ്ത്രീയെയും കൊല്ലാന്‍ ശ്രമിച്ചിരുന്നതായി അയല്‍വാസി ശിവരാജന്‍ പറഞ്ഞു. പ്രതിയെ പാലക്കാട് ടൗണില്‍ കണ്ടെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. 

Read Also:  കൊടിയ അന്ധവിശ്വാസി; അടുത്ത ഉന്നം പുഷ്പ; ചെന്താമരയെ പൊലീസിനും പേടി


ജ്യോത്സ്യന്‍ പറഞ്ഞത് പ്രകാരമാണ് 2019ല്‍ സജിതയെ ചെന്താമര വെട്ടിക്കൊന്നത്. ചെന്താമരയെ സഹിക്കാന്‍ പറ്റാതെ ആയതോടെയാണ് ഭാര്യ ഉപേക്ഷിച്ച് പോയതെന്നും അമ്മാവന്‍ പറയുന്നു. പ്രതി പുഷ്പ എന്ന മറ്റൊരു സ്ത്രീയെയും കൊല്ലാന്‍ നോക്കി. സുരക്ഷയൊരുക്കാന്‍ പൊലിസിന് ആയില്ലെന്ന് കൊല്ലപ്പെട്ട സുധാകരന്‍റെ മക്കള്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

കൊല്ലപ്പെട്ട ലക്ഷ്മിയുടെ ശരീരത്തില്‍ 12 ആഴത്തിലുള്ള മുറിവുകളാണുള്ളത്. സുധാകരന്‍റെ ശരീരത്തിലും സാമനരീതിയിലുള്ള മുറിവുകള്‍ തന്നെയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ പ്രതിയെ പാലക്കാട് നഗരത്തില്‍ കണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലിസ് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആദ്യ കൊലപാതകത്തിന് ശേഷം പ്രതി ഒളിച്ചിരുന്ന അറക്കമല, പട്ടിമല മേഖലകളില്‍ ചെന്താമരയുടെ സാനിധ്യമില്ല. 20 പേരടങ്ങുന്ന 4 സംഘങ്ങളാണ് തിരച്ചില്‍ നടത്തുന്നത്.  

ENGLISH SUMMARY:

Nenmara murders: Superstitious 'Psycho Chenthamara' spread fear, slack cops slept on plaints