കാമുകനെ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്ന പാറശാല ഷാരോണ്‍ വധക്കേസില്‍ വിധി നാളെ. ഷാരോണിന്‍റെ കാമുകിയായിരുന്ന ഗ്രീഷ്മയും അമ്മയും അമ്മാവനുമടക്കം മൂന്ന് പ്രതികള്‍. ഗ്രീഷ്മ ചതിച്ചെന്ന് മരണത്തിന് രണ്ട് ദിവസം മുന്‍പ് ഷാരോണ്‍ പറഞ്ഞിരുന്നതായി പിതാവ് ജയരാജ് മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. ഷാരോണിന്‍റെ മരണമൊഴിയായി പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ച മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്.
സ്നേഹിച്ച പെണ്ണിന്‍റെ ചതിക്ക് ഇരയായ മകന്‍റെ ഓര്‍മയില്‍ ജീവിതം തള്ളിനീക്കുകയാണ് ഷാരോണിന്‍റെ മാതാപിതാക്കള്‍. ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. മറ്റൊരു കല്യാണാലോചന വന്നപ്പോള്‍ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് വേണ്ടി ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്നാല്‍ ഗ്രീഷ്മ കഷായം നല്‍കിയെന്ന ഷാരോണ്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഷാരോണ്‍ കഷായം സ്വയം എടുത്ത് കുടിച്ചതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. മരണത്തിന് തൊട്ടുമുന്‍പ് മകന്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് പിതാവ് ഈ വാദം തള്ളുകയാണ്.
ഈ വെളിപ്പെടുത്തലാണ് മരണമൊഴിയായി പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ചത്. കഷായത്തില്‍ കളനാശിനി കലര്‍ത്തുന്നതിനേക്കുറിച്ച് ഗ്രീഷ്മ ഇന്‍റര്‍നെറ്റില്‍ തിരഞ്ഞതടക്കം ഒട്ടേറെ ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കിയാണ് നാളത്തെ വിധിക്കായി പ്രോസിക്യൂഷനും കുടുംബവും കാത്തിരിക്കുന്നത്.