• ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍, ബജറ്റില്‍ പ്രഖ്യാപനമുണ്ടാകും
  • എത്ര കൂട്ടണമെന്നതില്‍ ചര്‍ച്ച അവസാനഘട്ടത്തില്‍​
  • 2500 രൂപയായി വര്‍ധിപ്പുമെന്നാണ് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം

ബജറ്റില്‍ ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍. എത്രരൂപ വര്‍ധിപ്പിക്കണമെന്നതില്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. പെന്‍ഷന്‍ വിതരണം മുടങ്ങിയത് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലുമുണ്ടാക്കിയ തിരിച്ചടി മറികടക്കാനാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്.   

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഘട്ടം ഘട്ടമായി 2500 രൂപയാക്കി ഉയര്‍ത്തുമെന്ന പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ആ സര്‍ക്കാര്‍ നിലവിലെ 1600 രൂപയുടെ പെന്‍ഷന്‍ തന്നെ മാസങ്ങളോളം മുടക്കി. ഇത് സര്‍ക്കാരിനെതിരെ ജനവികാരം ഉണ്ടാക്കിയെന്നും ലോക്സഭ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്ക് മുഖ്യ കാരണമായെന്നുമാണ് ഇടത് മുന്നണിയുടെ വിലയിരുത്തല്‍. 

തദ്ദേശ–നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പുള്ള അവസാന സമ്പൂര്‍ണ ബജറ്റില്‍ ഇതിന് പരിഹാരമുണ്ടാകണമെന്ന രാഷ്ട്രീയ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാനുള്ള തീരുമാനം. പ്രകടന പത്രികയിലെ വാഗ്ദാനമായ 2500 രൂപയിലേക്ക് വര്‍ധിപ്പിക്കുക നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ അസാധ്യമാണ്. എത്രയാണെന്നതില്‍ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. 

വര്‍ധന നാമമാത്രമായ തുകയായിരിക്കില്ലെന്നാണ് വിവരം. ചെറിയ വര്‍ധന പോലും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന സര്‍ക്കാരിന് വലിയ ബാധ്യതയായിരിക്കും. ആസൂത്രണ വകുപ്പ് ഈ മുന്നറിയിപ്പ് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. പക്ഷെ, നിര്‍ണായക  തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് സാമ്പത്തിക അച്ചടക്കത്തേക്കാള്‍ രാഷ്ട്രീയ നിലനില്‍പ്പിനാണ് സര്‍ക്കാരും മുന്നണിയും മുന്‍ഗണന നല്‍കുന്നത്. അടുത്ത മാസം ഏഴിനാണ് ബജറ്റ് അവതരണം. 

ENGLISH SUMMARY:

The Kerala government is set to increase the welfare pension amount, with an announcement expected in the budget