ചേന്ദമംഗലം കൂട്ടക്കൊലയിൽ ആക്രമണം നടത്തിയത് ജിതിനെ ലക്ഷ്യമിട്ടെന്ന് റിതു ജയന്റെ മൊഴി. തന്റെ സഹോദരിയോട് ജിതിൻ മോശമായി പെരുമാറിയതിനാലാണ് അക്രമിച്ചതെന്നും റിതു പൊലീസിനോട് പറഞ്ഞു. പരുക്കേറ്റ ജിതിൻ ബോസിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കൊല്ലപ്പെട്ട മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം വൈപ്പിൻ മുരിക്കുംപാടം പൊതു ശ്‌മശാനത്തിൽ സംസ്കരിക്കും.
ജിതിനെ അക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റിതു ജയൻ അലറി വിളിച്ചു വീട്ടിലേക്ക് കയറിയത്. ബഹളം കേട്ട് സ്വീകരണ മുറിയിലേക്ക് ആദ്യം വന്ന വിനീഷയുടെ തലയിൽ സ്റ്റീൽ പൈപ്പ് ഉപയോഗിച്ച് ആഞ്ഞടിച്ചു. പിന്നാലെ വന്ന ജിതിനെയും ആക്രമിച്ച ശേഷം കുത്തി പരിക്കേൽപ്പിച്ചു. ആക്രമണം തടയാനെത്തിയ ജിതിന്റെ അച്ഛന്റെയും അമ്മയുടെയും തലയിൽ അടിച്ചു പരുക്കേല്പിച്ചു. വിനീഷയുടെ തലയിൽ എട്ട് സെന്റീമീറ്റർ നീളത്തിൽ മുറിവുണ്ട്. വേണുവിന്റെ തലയിൽ ആറും ഉഷയുടെ തലയിൽ മൂന്നും മുറിവുകൾ ഉണ്ടെന്ന് ഇൻക്യുസ്റ്റിൽ വെക്തമായി.
എന്നന്നേക്കുമായി ജിതിനെയും കുടുംബത്തെയും ഇല്ലാതാക്കണം എന്ന പൂർണ ലക്ഷ്യത്തോടെ അതി ക്രൂരമായിരുന്നു റിതുവിന്റെ ആക്രമണം. സ്റ്റീൽ പൈപ്പ് കൊണ്ട് ഓരോരുത്തരുടെയും തലയിൽ ആവർത്തിച്ച് അടിച്ചു. ഒരു വർഷത്തിലേറെയായി ജിതിന്റെയും റിതുവിന്റെയും കുടുംബങ്ങൾ തമ്മിൽ അയൽപക്ക തർക്കം നില നിൽക്കുകയാണ്. ആക്രമണം ഭയന്ന് റിതുവിനെ എതിർക്കാൻ നാട്ടുകാരും തയ്യാറായിരുന്നില്ല.
ലഹരി കേസിൽ റിതു നേരത്തെയും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വഷിക്കുന്നത്. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും ആക്രമണം നടന്ന വീട്ടിൽ എത്തി പരിശോധന നടത്തി. ജിതിന്റെ വീട്ടിൽ നിന്നും പൊലീസ് നായ മണം പിടിച്ചു എത്തിയത് റിതുവിന്റെ വീട്ടിലേക്കാണ്.