• കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് പ്രതിസന്ധി രൂക്ഷം
  • മരുന്ന് വിതരണം നിലച്ച് ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയെടുക്കാതെ സര്‍ക്കാര്‍
  • കുടിശികയുടെ നിശ്ചിത ശതമാനമെങ്കിലും കിട്ടാതെ വിതരണം പുനരാരംഭിക്കില്ലെന്ന് കമ്പനികള്‍

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് വിതരണം നിലച്ചിട്ട് ഒരാഴ്ച ആകുമ്പോഴും അനങ്ങാതെ ആരോഗ്യ വകുപ്പ്. 70 കോടിയോളം രൂപയുടെ കുടിശിക മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വരുത്തിയതിന് പിന്നാലെയാണ് ഡയാലിസിസടക്കം ചെയ്യേണ്ട  രോഗികള്‍ മരുന്നില്ലാതെ ദുരിതത്തിലായത്. സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്ന കാരുണ്യ ഫാര്‍മസിയിലെ സ്ഥിതിയും വ്യത്യസ്തമല്ല.

കാന്‍സര്‍, വ്യക്കരോഗം, ഹ്യദ്രോഗം തുടങ്ങിയ അസുഖങ്ങളുമായി ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് പോലും മരുന്നില്ല, ആഴ്ചയില്‍  3 തവണ  ഡയാലിസിസ് ചെയ്യേണ്ടി വരുന്ന രോഗികളുണ്ട്, കോഴിക്കോട് മെഡ‍ിക്കല്‍ കോള‍‍‍ജില്‍. മരുന്ന് ദുരിതം തു‍‍ടങ്ങിയിട്ട് ദിവസം 7 കഴിഞ്ഞു. പുറമെ നിന്ന് ഉയര്‍ന്ന വിലക്ക് മരുന്ന് വാങ്ങാനുളള പണം പലര്‍ക്കുമില്ല. കഴിഞ്ഞ ദിവസം ഡയാലിസിസിനുള്ള ഫ്ളൂയിഡ് രോ‍‍‍ഗികള്‍ പിരിവെടുത്ത് വാങ്ങുന്ന സാഹചര്യം പോലും ഉണ്ടായി. 

മരുന്നു വിതരണക്കാരെ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ചര്‍ച്ചക്ക് വിളിച്ചെങ്കിലും ആറ് മാസത്തെ എങ്കിലും കുടിശ്ശിക നല്‍കാതെ മരുന്ന് വി‌തരണം പുനരാംരംഭിക്കില്ലെന്ന നിലപാടിലാണ് മരുന്ന് കമ്പനികള്‍. 70 കോടിക്കു മുകളിലാണ് കുടിശ്ശിക.

ENGLISH SUMMARY:

Medicine Crisis at Kozhikode Medical College