മംഗളൂരുവിൽ ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി പട്ടാപ്പകൽ സഹകരണബാങ്കിൽ കോടികളുടെ കവർച്ച. ഉള്ളാളിലെ കൊട്ടേക്കാർ സഹകരണ ബാങ്കിലാണ് കവർച്ച. സ്വർണാഭരണങ്ങളും പണവുമാണ് കവർന്നത്. പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘത്തെ മംഗളൂരു പൊലീസ് നിയോഗിച്ചു.
ഇന്ന് ഉച്ചയ്ക്ക് ബാങ്കിലെത്തിയ സംഘം തോക്ക് ചൂണ്ടിയും മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയുമാണ് കവർച്ച നടത്തിയത്. നാല് പേർ ബാങ്കിനുള്ളിൽ കടന്നു. ഒരാൾ കാറുമായി പുറത്ത് കാത്തുനിന്നു. ജീവനക്കാരിൽ നിന്നും ബാങ്ക് ലോക്കറിൻ്റെ താക്കോൽ കൈക്കലാക്കി സ്വർണാഭരണങ്ങളും പണവും കവർന്നു. ഏകദേശം 12 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് ബാങ്കിൻറെ പ്രാഥമിക നിഗമനം.
കവർച്ച നടക്കുന്ന സമയത്ത് ബാങ്കിൽ സിസിടിവി ക്യാമറകളുടെ സർവീസിംഗ് ജോലികൾ നടക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ബാങ്കിനുള്ളിലെ ദൃശ്യങ്ങൾ ഒന്നും ലഭിച്ചില്ല. പണവും ആഭരണങ്ങളും കൈക്കലാക്കിയതിനു ശേഷം സംഘം കാറിൽ കയറി രക്ഷപ്പെട്ടു. ഈ കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കവർച്ചാ സംഘം സംസാരിച്ചത് ഹിന്ദിയിലാണ്.
അതിനാൽ അന്തർസംസ്ഥാന കവർച്ച സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ അതിർത്തികളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ബീദറിൽ എടിഎം കൊള്ളയടിച്ച സംഘത്തിന് ഇവരുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും.