കഷായത്തില്‍ കീടനാശിനി കലര്‍ത്തി കാമുകനെ കൊന്നുതള്ളുക. പ്രാണന്‍പിടഞ്ഞു തീരുമ്പോഴും കാമുകി തന്നെ ചതിക്കുമെന്ന് ഷാരോണ്‍ കരുതിയിരുന്നില്ല. അവളെ അത്രയും വിശ്വാസമായിരുന്നു അവന്. ആ വിശ്വാസമാണ് ഗ്രീഷ്മ തകര്‍ത്തത്. കേരളം കണ്ടതില്‍ വച്ചേറ്റവും ദാരുണ കൊലപാതകങ്ങളില്‍ ഒന്നാണ് പാറശാലയിലെ ഷാരോണിന്‍റേത്. പ്രതീക്ഷയോടെ ഞങ്ങള്‍ വളര്‍ത്തിയ മകനല്ലേ എന്ന് കണ്ണീരോട് ആ അച്ഛനും അമ്മയും ചോദിക്കുമ്പോള്‍ കണ്ടുനില്‍ക്കുന്നവരുടേയും കണ്ണുനിറയുകയാണ്. ALSO READ; ഷാരോണിനെ വിഷംകൊടുത്ത് കൊന്ന കേസ്; ഗ്രീഷ്മ കുറ്റക്കാരി; ശിക്ഷാവിധി നാളെ

കേസില്‍ നാളെ വിധി വരാനിരിക്കുകയാണ്. ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി വ്യക്തമാക്കി കഴിഞ്ഞു. തട്ടിക്കൊണ്ടുപോകല്‍, വിഷം കലര്‍ത്തി കൊലപാതകം, അന്വേഷണത്തിനിടെ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ കാര്യങ്ങളാണ് ഗ്രീഷ്മയ്ക്കെതിരെ പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഗ്രീഷ്മയുടെ അമ്മാവനും കേസില്‍ കുറ്റക്കാരനാണ്. തെളിവ് നശിപ്പിക്കലാണ് ചുമത്തിയിരിക്കുന്ന കുറ്റം. അമ്മയെ കോടതി വെറുതെവിട്ടു.

ഷാരോണിനെ കൊന്നുതള്ളിയതില്‍ പ്രധാന പങ്ക് ഗ്രീഷ്മയ്ക്കാണെന്നതില്‍ സംശയമില്ല. സൈനികനൊപ്പം സുഖിച്ചുജീവിക്കാനുള്ള അത്യാഗ്രഹമാണ് ഷാരോണിനെ ചതിക്കാനും കൊല ചെയ്യാനും ഗ്രീഷ്മയ്ക്ക് പ്രേരണയായത്. 2021 ഒക്ടോബര്‍ മുതലാണ് ഷാരോണും ഗ്രീഷ്മയും പ്രണയത്തിലാകുന്നത്. ഒരേ ബസില്‍ കോളജിലേക്കുള്ള യാത്രയ്ക്കിടെയുള്ള പരിചയം പ്രണയമായി. ഒന്നര വര്‍ഷത്തോളം ഇത് തുടര്‍ന്നു. ALSO READ; വെട്ടുകാട് പള്ളിയിലെത്തി രഹസ്യ വിവാഹം, പിന്നാലെ കഷായത്തില്‍ വിഷം കലര്‍ത്തിക്കൊന്ന് ഗ്രീഷ്മ; നോവായി ഷാരോണ്‍

ഇതിനിടെ ഇരുവരും തിരുവനന്തപുരത്തെ വെട്ടുകാട് പള്ളിയിലെത്തി രഹസ്യമായി താലിയും കുങ്കുമവും ചാര്‍ത്തി വിവാഹിതരായി. പ്രണയസമയത്ത് ഇരുവരും നിരവധി തവണ ലൈംഗിക ബന്ധത്തിലും ഏര്‍പ്പെട്ടിട്ടു. ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിച്ചു. എന്നാല്‍ 2022 മാര്‍ച്ച് നാലിന് ഒരു സൈനികനുമായി ഗ്രീഷ്മയുടെ വിവാഹ നിശ്ചയം നടന്നു. ഇത് ഷാരോണിനെ തളര്‍ത്തി. പ്രണയത്തില്‍ നിന്ന് ഷാരോണ്‍ പിന്മാറാത്തത് കൊലപാതകത്തില്‍ കലാശിച്ചു. ALSO READ; 'മൂന്നുപേരെയും ശിക്ഷിക്കണമായിരുന്നു; ഗ്രീഷ്മയുടെ അമ്മയെ വെറുതെ വിട്ടതില്‍ വിഷമം'

ലൈംഗികച്ചുവയോടെ സംസാരിച്ച് ഷാരോണിനെ വശീകരിച്ച് ഗ്രീഷ്മ സ്വന്തം വീട്ടിലെത്തിച്ച് കൃത്യം നടപ്പാക്കുകയായിരുന്നു. വിഷം കലര്‍ത്തിയ കഷായം ഷാരോണിന് നല്‍കുന്നതിന് തലേദിവസം രാത്രി ഒരു മണിക്കൂര്‍ ഏഴു മിനിറ്റ് ലൈംഗിക കാര്യങ്ങളാണ് ഗ്രീഷ്മ ഷാരോണിനോട് സംസാരിച്ചത്. പിറ്റേദിവസം വീട്ടില്‍ ആരുമുണ്ടാകില്ല, ഇവിടെ വരണമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു. 2022 ഒക്ടോബര്‍ 14 നു രാവിലെ 7.35 മുതല്‍ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്ക് വരാനായി ഗ്രീഷ്മ ഷാരോണിനെ വീണ്ടും നിര്‍ബന്ധിച്ചുവെന്നാണ് കുറ്റപത്രത്തിലുള്‍പ്പെടെ ഉണ്ടായിരുന്നത്.  

രാവിലെ വീട്ടിലെത്തിയ ഷാരോണിന് കീടനാശിനി കലര്‍ത്തിയ കഷായം നല്‍കി. പിന്നീട് കീടനാശിനി ഇരുന്ന കുപ്പിയുടെ ലേബല്‍ മാറ്റി വീടിനോടു ചേര്‍ന്ന റബര്‍ പുരയിടത്തില്‍ വലിച്ചെറിഞ്ഞു. അമ്മയ്ക്ക് കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നു. അമ്മാവനാണ് തെളിവു നശിപ്പിക്കാന്‍ ഗ്രീഷ്മയെ സഹായിച്ചത്. മരണത്തിന് തൊട്ടുമുന്‍പു വരെ ഗ്രീഷ്മയെ പ്രതിയാക്കുന്ന തരത്തില്‍ ഷാരോണ്‍ ചിന്തിച്ചതുപോലുമില്ല. ഗ്രീഷ്മയാകട്ടെ പ്രണയം അഭിനയിച്ചു തകര്‍ത്തു. പക്ഷേ മരണത്തിനു തൊട്ടുമുന്‍പ് ഷരോണ്‍ തന്നെ എല്ലാകാര്യങ്ങളും ഉറ്റവരെ അറിയിച്ചു.

ENGLISH SUMMARY:

The verdict in Sharon murder case is expected tomorrow. The court has already confirmed that Greeshma is guilty. The main charges against her include abduction, poisoning leading to murder, and misleading the police during the investigation. Greeshma’s uncle has also been found guilty in the case, with charges of evidence tampering. However, her mother has been acquitted by the court.