പലതരം ചലഞ്ചുകളിലൂടെയാണ് കാമുകിയായ ഗ്രീഷ്മ പാറശാല സ്വദേശി ഷാരോണിന്‍റെ ജീവനെടുത്തത്. ആദ്യം ജ്യൂസ് ചലഞ്ച്,  പിന്നീട് കഷായം ചലഞ്ച്. ജ്യൂസ് ചലഞ്ച് നടത്തുന്നതിന്‍റെ വിഡിയോ ഷാരോണ്‍ ഫോണില്‍ ചിത്രീകരിച്ചത് നേരത്തെ പുറത്തുവന്നിരുന്നു. 'എന്തോന്ന് ചലഞ്ചിത്, റെക്കോര്‍ഡ് ചെയ്യുവാണ്. പറഞ്ഞോ' എന്ന് ഷാരോണ്‍ പറയുമ്പോള്‍ 'റെക്കോര്‍ഡ് ഒന്നും ചെയ്യേണ്ടെ'ന്നാണ് ഗ്രീഷ്മയുടെ മറുപടി. പാരസെറ്റമോള്‍ ഗുളികളാണ് ഗ്രീഷ്മ ജ്യൂസില്‍ കലക്കിയിരുന്നത്. ഗുളികയുടെ അമിത ഉപയോഗത്തെ കുറിച്ചും അത് ശരീരത്തിലുണ്ടാക്കുന്ന തകരാറുകളെ കുറിച്ചും ഗ്രീഷ്മ നിരവധി തവണ ഗൂഗിളില്‍ തിരയുകയും ചെയ്തു. 

ഏഴുമിനിറ്റ് സെക്സ് ചാറ്റ്, ഷാരോണിനെ വിളിച്ചു വരുത്തി

ജ്യൂസ് ചാലഞ്ച് പാളിയതോടെ രണ്ട് മാസത്തെ തയ്യാറെടുപ്പോടെയാണ് കഷായത്തില്‍ കളനാശിനി കലര്‍ത്താന്‍ ഗ്രീഷ്മ തീരുമാനിച്ചത്. അമ്മാവന്‍ കൃഷിയിടത്തില്‍ പ്രയോഗിക്കുന്ന കളനാശിനിയെ കുറിച്ചും വിശദമായി തിരച്ചില്‍ നടത്തി. ഒടുവില്‍ 2022 ഒക്ടോബര്‍ 14ന് നിര്‍ബന്ധിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിലേക്ക് ഷാരോണിനെ വരുത്തുന്നതിനായി തലേ ദിവസം ഏഴുമിനിറ്റോളം സെക്സ് ചാറ്റും നടത്തി. രാവിലെയും നിര്‍ബന്ധം തുടര്‍ന്നതോടെ ഷാരോണ്‍ സുഹൃത്തിനെ വിവരമറിയിച്ച് ഗ്രീഷ്മയുടെ വീട്ടിലെത്തി. വീട്ടിലെത്തിയ ഷാരോണിനോട് ‘കഷായം കുടിക്കാമെന്നു മുൻപ് ചാലഞ്ച് ചെയ്തതല്ലേ, ദാ ഇരിക്കുന്നു കുടിക്ക്’ എന്നു പറഞ്ഞ് ഷാരോണിനു കഷായം കൊടുത്തു. അതിനുശേഷം കയ്പു മാറാൻ ജ്യൂസ് നൽകി. Also Read: ഷാരോണിനെ വിഷംകൊടുത്ത് കൊന്ന കേസ്; ഗ്രീഷ്മ കുറ്റക്കാരി; ശിക്ഷാവിധി നാളെ

കഷായമുണ്ടാക്കി, പിന്നാലെ കളനാശി കലര്‍ത്തി

'ഷഡാങ്ക പാനീയം' എന്ന കഷായപ്പൊടി വെള്ളത്തില്‍ തിളപ്പിച്ച് കഷായമുണ്ടാക്കിയ ശേഷം അതില്‍ ഗ്രീഷ്മ കളനാശിനി കലര്‍ത്തി. പിന്നീടാണ് ഷാരോണിന് നല്‍കിയത്. കഷായം കുടിച്ച ഷാരോണ്‍ ഛര്‍ദിച്ചു. വീട്ടിലേക്ക് ബൈക്കില്‍ സുഹൃത്തുമൊത്ത് പോകുമ്പോള്‍ ഷാരോണ്‍ ചതി തിരിച്ചറിഞ്ഞു. 'ഗ്രീഷ്മ ചതിച്ചുവെന്നും കഷായം കുടിപ്പിച്ചു'വെന്നും ഷാരോണ്‍ സുഹൃത്തിനോട് വെളിപ്പെടുത്തി. ഈ കഷായം തയ്യാറാക്കാന്‍ ഗ്രീഷ്മയെ അമ്മ സഹായിച്ചുവെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഇതിന് മതിയായ തെളിവില്ലെന്നാണ് ഇന്ന് കോടതി വിധിച്ചിരിക്കുന്നത്. തീവ്രപരിചരണത്തില്‍ കിടക്കുമ്പോഴും ഷാരോണ്‍ ഗ്രീഷ്മ ചതിച്ചുവെന്നും മരിച്ചുപോകുമെന്നും ഷാരോണ്‍ പറഞ്ഞുവെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. Read More: വെട്ടുകാട് പള്ളിയിലെത്തി രഹസ്യ വിവാഹം

സ്വകാര്യദൃശ്യങ്ങളെ ചൊല്ലി തര്‍ക്കം

2021 ഒക്ടോബർ മുതലാണ് ഷാരോണും ഗ്രീഷ്മയും അടുപ്പത്തിലാകുന്നത്. ഈ സമയത്ത് ഇരുവരും പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. 2022 മാർച്ച് നാലിനു സൈന്യത്തിൽ ജോലിയുള്ള നാഗര്‍കോവില്‍ സ്വദേശിയുമായി ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചു. ഇതോടെ ഇരുവരും  പിണങ്ങി. മേയിൽ വീണ്ടും ഷാരോണുമായി ഗ്രീഷ്മ അടുപ്പത്തിലായി. നവംബറിൽ ഷാരോണിന്റെ വീട്ടിൽ വച്ച് ഇരുവരും താലി കെട്ടിയതിനുശേഷം ശാരീരിക ബന്ധത്തിലേർപ്പെട്ടു. വെട്ടുകാട് പള്ളിയിൽ വച്ചും താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലിൽ വീണ്ടും ബന്ധപ്പെട്ടു. നവംബറിലാണു ഷാരോണിനൊപ്പം ഇറങ്ങിച്ചെല്ലാമെന്നു ഗ്രീഷ്മ വാക്കു നൽകിയിരുന്നത്. വിവാഹം അടുത്തതോടെ ഷാരോണ്‍ സ്വകാര്യദൃശ്യങ്ങള്‍ പ്രതിശ്രുത  വരന് നല്‍കുമെന്ന് ഭയന്നുവെന്നും ഇതോടെ കൊല്ലാന്‍ തീരുമാനിച്ചുവെന്നും കുറ്റപത്രത്തില്‍ വിശദമാക്കുന്നു.