ഇടുക്കി കുമളിയിൽ സ്വകാര്യ ആശുപത്രിയിൽ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു. ആറാം മൈൽ സ്വദേശി സേവ്യറിന്റെയും ടിനുവിന്റെയും ആൺകുഞ്ഞാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ പിഴവാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് കുടുംബം പരാതി നൽകിയതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗർഭിണിയായിരുന്ന ആറാം മൈൽ സ്വദേശി ടിനുവിനെ അവസാനവട്ട സ്കാനിങ്ങിനായി കുമളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഗർഭപാത്രത്തിൽ കുഞ്ഞ് തിരിഞ്ഞുകിടക്കുന്നുവെന്ന് കണ്ടെത്തിയതിനാൽ രണ്ടുദിവസത്തിനുശേഷം ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചു. പിറ്റേന്ന് രാവിലെ പരിശോധനയിൽ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉടൻ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. എന്നാൽ മരിച്ച നിലയിലാണ് കുഞ്ഞിനെ പുറത്തെടുത്തതെന്നാണ് ആശുപത്രി അധികൃതതരുടെ വിശദീകരണം. മരണകാരണം എന്താണെന്ന് കൃത്യമായ വിശദീകരണം ആശുപത്രി അധികൃതർ നൽകിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
കുമളി ലൂർദ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ച മൃതദേഹം ഇടുക്കി സബ് കലക്ടർ അനൂപ് ഗാർഗിന്റെ നേതൃത്വത്തിൽ പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. ചികിത്സപ്പിഴവ് ഉണ്ടായിട്ടില്ലെന്നും മരണകാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം നടത്തണമെന്ന് നേരത്തെ നിർദ്ദേശിച്ചിരുന്നെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.