തിരുവനന്തപുരം കണിയാപുരത്ത് യുവതിയെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിന് എത്തിച്ച പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ പ്രതി രങ്കദുരൈയ്ക്ക് നേരായ കയ്യേറ്റം ശ്രമം ചെറുക്കാൻ പ്രതിയുമായി പൊലീസ് വാഹനത്തിലേക്ക് ഓടിയത് അരകിലോമീറ്റർ.
കണിയാപുരം കരിച്ചാറ സ്വദേശിനിയായ വിജി എന്ന് വിളിക്കുന്ന ഷാനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രങ്കദുരൈയെ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു പ്രതിഷേധം. ഇക്കഴിഞ്ഞ തിങ്കളാഴ്ച സ്കൂൾ വിട്ട് വന്ന മക്കളാണ് ഷാനുവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിധവയായ ഷാനുവിനൊപ്പം താമസിച്ചിരുന്ന ഹോട്ടൽ ജീവനക്കാരനായ രങ്കദുരൈയെ കാണാനില്ലെന്ന് വ്യക്തമായതോടെയാണ് ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയത്.
തെളിവെടുപ്പിന് എത്തിച്ച പ്രതിയെ കയ്യേറ്റം ചെയ്യാൻ സ്ത്രീകൾ ഉൾപ്പെടെ ഷാനുവിന്റെ ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചു. പ്രതിക്ക് നേരെ കല്ലെറിയാനും ശ്രമമുണ്ടായി. ഇതോടെ അരകിലോമീറ്റർ ദൂരം ഓടിയാണ് പൊലീസ് വാഹനത്തിൽ കയറിയത്. ഷാനുവിനെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് രങ്കദുരൈ സമ്മതിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊലയ്ക്ക് ശേഷം ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞദിവസം തെങ്കാശിയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയിലാണ് പൊലീസ് പിടികൂടിയത്.