നടന്‍ സെയ്‌ഫ് അലി ഖാനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നില്ലെന്ന് പ്രതി മുഹമ്മദ് ഷെരീഫുള്‍ ഇസ്ലാമിന്‍റെ മൊഴി. ബഹളം വച്ചപ്പോള്‍ രക്ഷപ്പെടാനാണ് കത്തികൊണ്ട് കുത്തിയത്. പ്രതി ബാന്ദ്രയിലെ സെലിബ്രിറ്റികളുടെ വീടുകള്‍ നേരത്തെ നീരീക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
ബാന്ദ്ര മേഖലയിലെ വലിയ അപ്പാര്‍ട്ടുമെന്‍റുകളും സെലിബ്രിറ്റികളുടെ വീടുകളും പ്രതി നേരത്തെ നിരീക്ഷിച്ചിരുന്നു. പുതുവല്‍സര രാത്രി ഓട്ടോയില്‍ കറങ്ങിയാണ് ഇക്കാര്യങ്ങള്‍ മനസിലാക്കിയത്. തുടര്‍ന്ന് മോഷണത്തിന് പദ്ധതിയിട്ടു. ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇടവഴികളിലൂടെ നടന്ന് സെയ്ഫ് അലി ഖാന്‍റെ അപ്പാര്‍ട്ടുമെന്‍റിലെത്തി. ഫയര്‍ എക്സിറ്റ് ഗോവണി വഴി കയറി ഈ സമുച്ചയത്തിലെ മറ്റൊരു ഫ്ലാറ്റിലേക്ക് കടക്കാന്‍ ആദ്യം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് പതിനൊന്നാം നിലയിലെ നടന്‍റെ ഫ്ലാറ്റില്‍ എത്തിയത്.
നടനെ ആക്രമിക്കണമെന്ന ഉദ്ദേശം ഇല്ലായിരുന്നു. ബഹളം വച്ചപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടിയാണ് കുത്തിയതെന്നും നടനാണെന്ന് അറിഞ്ഞില്ലെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. മുംബൈയിലെ ഒരു പബ്ബില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഇയാള്‍ മോഷണത്തിന് പിടിക്കപ്പെട്ടിരുന്നു. ബംഗ്ലാദേശില്‍ നിന്നും പശ്ചിമ ബംഗാളിലെ മാള്‍ഡ വഴി എട്ടുമാസം മുന്‍പാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. രാജ്യാന്തര തരത്തില്‍ ഇയാള്‍ക്ക് മറ്റ് കുറ്റവാളികളുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. പ്രതിയെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. അതേസമയം, മുംബൈ ലീലാവതി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സെയ്‌ഫ് അലി ഖാന്‍ ഇന്നോ നാളെയോ ഡിസ്ചാര്‍ജ് ആയേക്കും.