എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് 75 കിലോ കഞ്ചാവ് പിടികൂടി. 2 ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ. യാത്രക്കാർക്ക് മദ്യം വിതരണം ചെയ്ത രണ്ട് റെയിൽവേ ജീവനക്കാരും പിടിയിലായി. കേരള റെയിൽവേ പൊലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് വൻ ലഹരി മരുന്നും സ്ഥിരം മോഷ്ടാക്കളെയും പിടികൂടിയത്.
ഉത്തരേന്ത്യയിൽനിന്ന് പാലക്കാട് വഴി വരുന്ന ട്രെയിനുകളിൽ റെയിൽവേ പോലീസ് സംഘം വ്യാപക പരിശോധന നടത്തിയിരുന്നു. ബീഹാർ സ്വദേശി പപ്പുകുമാർ, ഉത്തർ പ്രദേശ് സ്വദേശി മുഹമ്മദ് സാഹിബ് എന്നിവരെ 75 കിലോ കഞ്ചാവുമായി എറണാകുളം പ്ലാറ്റ്ഫോമിൽ വെച്ച് കണ്ടെത്തുകയായിരുന്നു. കേരളത്തിൽ വിൽക്കാൻ എത്തിച്ച കഞ്ചാവാണ് പിടികൂടിയത്.
ബാഗുകളിലും സഞ്ചികളിലും നിറച്ച കഞ്ചാവ് വിവിധ ബോഗികളിൽ ഒളിപ്പിച്ചാണ് എറണാകുളത്ത് എത്തിച്ചത്. പിടിയിലായ രണ്ടുപേരും ഇടനിലക്കാരാണ്. കഞ്ചാവ് കടത്തലിനു പിന്നിൽ മലയാളികൾ ആണെന്നാണ് സൂചന. യാത്രക്കാർക്കിടയിൽ മദ്യ വില്പന നടത്തിയ രണ്ട് റെയിൽവേ ജീവനക്കാരും ഇന്നത്തെ പരിശോധനയിൽ പിടിയിലായി.
ജാർഖണ്ഡുകാരൻ കരുണ കുമാറിനെയും ബീഹാർ സ്വദേശി അഭിഷേകിനെയും തൃശ്ശൂർ റെയിൽവേ പൊലീസ് ആണ് പിടികൂടിയത്. ഇവരിൽ നിന്നും 5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം കണ്ടെടുത്തു. മറ്റൊരു യുപി സ്വദേശിയിൽ നിന്ന് 14 കിലോ കഞ്ചാവ് ഇന്നലെ റെയിൽവേ പൊലീസ് പിടികൂടിയിരുന്നു.