കായംകുളം പുല്ലുകുളങ്ങരയിൽ യുവാവ് ആത്മഹത്യ ചെയ്തത് പൊലിസും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും അധിക്ഷേപിച്ചത് കൊണ്ടാണെന്ന പരാതിയുമായി കുടുംബം. മണി വേലിക്കടവ് കരിയിൽ കിഴക്കേതിൽ അഭിലാഷ് ആണ് മരിച്ചത്. വൈദുതി വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരെ തടഞ്ഞതിന് പൊലിസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അധിക്ഷേപിക്കുകയും കെ.എസ്.ഇ.ബി ഓഫീസിൽ ജീവനക്കാരുടെ മുന്നിൽ വച്ച് അപമാനിക്കുകയും ചെയ്തതായാണ് ബന്ധുക്കളുടെ പരാതി.

കഴിഞ്ഞ ചൊവ്വാഴ്ച വൈദ്യുതി ബിൽ കുടിശിക ആയതിനെ തുടർന്ന് അഭിലാഷിന്റെ വീട്ടിൽ വൈദ്യതി വിച്ഛേദിക്കാൻ കെ.എസ്.ഇ.ബി ജീവനക്കാർ എത്തിയിരുന്നു. അഭിലാഷ് ഇതിനെ എതിർക്കുകയും ജീവനക്കാരുമായി തർക്കമുണ്ടാകുകയും ചെയ്തു. കെ.എസ്.ഇ.ബി ജീവനക്കാർ രേഖാമൂലം പരാതി നൽകിയില്ലെങ്കിലും ജോലി തടസപ്പെടുത്തി എന്ന വിവരം പൊലിസിനെ അറിയിച്ചു. ഇതറിഞ്ഞ് ഭയന്ന് വീട്ടിൽ നിന്ന് പോയ അഭിലാഷ് വെള്ളിയാഴ്ച തിരിച്ചെത്തി. കനകക്കുന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതനുസരിച്ച് ചെന്നപ്പോൾ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തു. 

സ്റ്റേഷനിൽ വച്ച് ചെയ്തത് തെറ്റി പോയി എന്ന് മാപ്പു പറഞ്ഞെങ്കിലും കെ.എസ്.ഇ.ബി ഓഫീസിൽ വന്ന് എല്ലാവരുടെയും മുന്നിൽ വച്ച് മാപ്പു പറയണം എന്ന് ജീവനക്കാർ പറഞ്ഞു. അവിടെ വച്ച് മാപ്പുപറയാൻ തയാറായെങ്കിലും മാപ്പ് എഴുതി വായിക്കണം എന്നായി നിബന്ധന. തെറ്റ് പറ്റി എന്ന് എഴുതി വായിച്ച് ജീവനക്കാരുടെ മുൻപിൽ വച്ച് മാപ്പു പറഞ്ഞ ശേഷം വീട്ടിൽ എത്തിയ അഭിലാഷ് മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ജാതീയമായി അധിക്ഷേപിച്ചെന്നും  ബന്ധുക്കൾ ആരോപിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അഭിലാഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്

മരിക്കുന്നതിന് മുൻപ് സഹോദരിയെ വിളിച്ച് സങ്കടം പങ്കുവച്ചിരുന്നു. മരിച്ചതിനു ശേഷം പൊലിസ് വീട്ടിലെത്തി അന്വേഷിക്കുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും ബന്ധുക്കൾ  പറയുന്നു. ആത്മഹത്യക്ക് കാരണക്കാരായവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ കായംകുളം ഡിവൈഎസ്പിക്ക് പരാതി നൽകി.

ENGLISH SUMMARY:

The family of a young man from Pullukulangara in Kayamkulam alleges that he died by suicide due to humiliation by the police and KSEB (Kerala State Electricity Board) officials.