മംഗളൂരു ഉള്ളാൾ ബാങ്ക് കവർച്ചയിൽ തെളിവെടുപ്പിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം. രക്ഷപെടാൻ ശ്രമിച്ച മുംബൈ സ്വദേശി കണ്ണൻ മണിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി. പ്രതിയുടെ ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരുക്കേറ്റു.
ഇന്ന് വൈകിട്ട് പ്രതികളെ തെളിവെടുപ്പിനായി ഉള്ളാളിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. കവർച്ചയുടെ മുഖ്യസൂത്രധാരൻ കണ്ണൻ മണിയാണ് തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചത്. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതി സമീപത്ത് കിടന്നിരുന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് പൊലീസുകാരെ കുത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കാലിനു താഴെ വെടിവെച്ചു വീഴ്ത്തി. ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്കും പരുക്കേറ്റു.
പരുക്കേറ്റ പൊലീസുകാരെയും കണ്ണൻ മണിയെയും ആശുപത്രിയിലേക്ക് മാറ്റി. കണ്ണൻ മണിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇന്നലെയാണ് കണ്ണൻ മണി ഉൾപ്പെടെ കേസിലെ മൂന്ന് തിരുനെൽവേലിയിൽ നിന്ന് കർണാടക പൊലീസ് സംഘം പിടികൂടിയത്. ഇവരിൽനിന്ന് കവർച്ചയ്ക്ക ഉപയോഗിച്ച തോക്കും മറ്റ് മാരകായുധങ്ങളും കണ്ടെടുത്തു. കവർച്ച നടത്തിയ സ്വർണവും പണവും കണ്ടെടുക്കാൻ വേണ്ടിയുള്ള അന്വേഷത്തിലാണ് പൊലീസ്. കവർച്ചയിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.