ഇതരസംസ്ഥാന തൊഴിലാളികളെ ജോലിക്ക് വിളിച്ചുകൊണ്ടുപോയി മൊബൈല്‍ഫോണും പണവും രേഖകളും മോഷ്ടിച്ചു. കൊല്ലം അഞ്ചലിലാണ് തൊഴിലാളികള്‍ തട്ടിപ്പിനിരയായത്. മലയാളി യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി
അഞ്ചൽ ചന്തമുക്കിൽ പതിവ് പോലെ തൊഴിൽ തേടി നിന്ന രണ്ട് അതിഥി തൊഴിലാളികളാണ് കബളിപ്പിക്കപ്പെട്ടത്. അഞ്ചൽ കൈതാടിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിലേക്ക് ഒരാള്‍ ജോലിക്ക് വിളിച്ചുകൊണ്ടുപോയി. കെട്ടിടത്തിന്‍റെ മൂന്നാമത്തെ നിലയിലേക്ക് സിമന്‍റ് കട്ട എത്തിക്കാനായിരുന്നു ജോലി. തൊഴിലാളികള്‍ ജോലി ചെയ്തു തീര്‍ത്ത ശേഷമാണ് തട്ടിപ്പ് മനസിലായത്. പണി സ്ഥലത്ത് വച്ചിരുന്ന തൊഴിലാളികളുടെ രണ്ടു മൊബൈല്‍ഫോണുകളും ആയിരത്തി അഞ്ഞൂറു രൂപയും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടുന്ന രേഖകളും മോഷ്ടിച്ചു. മലയാളി യുവാവാണ് സ്ഥലത്ത് എത്തിച്ചതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ പ്രകാരം പ്രതിയെ പിടികൂടാനായി അഞ്ചൽ പൊലീസ് അന്വേഷണം തുടരുകയാണ്.