സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിന് സംഭാവന നൽകാത്തതിന് പെട്രോൾ പമ്പ് ഉടമയ്ക്ക് സിഐടിയു പ്രാദേശിക നേതാവിന്റെ ഭീഷണി. സംഭാവന നൽകാതെ ടാങ്കറില്‍ ഇന്ധനം നിറയ്ക്കാൻ അനുവദിച്ചില്ലെന്ന് പ്രവാസിയായ പെട്രോള്‍ പമ്പ് ഉടമ പരാതിപ്പെട്ടു.
തിരുവനന്തപുരത്തെ പമ്പിലേക്ക് ഇന്ധനം നിറയ്ക്കാൻ എത്തിയ ടാങ്കർ ലോറി കൊച്ചിയിലെ ഇന്ധന സംഭരണശാലയിൽ രാവിലെ മുതൽ പിടിച്ചിട്ടുവെന്നാണ് പരാതി. സംഭാവന നൽകാതെ ഇന്ധനം നിറക്കാൻ ആവില്ലെന്ന് സിഐടിയു ടാങ്കര്‍ ലോറി വര്‍ക്കേര്‍സ് യൂണിയന്‍ സെക്രട്ടറി ബാബു ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം പമ്പുടമ അശ്വിന്‍ പങ്കുവെച്ചു.
പാർട്ടി സമ്മേളനത്തിന് 10000 രൂപ സംഭാവന നൽകാതെ ലോറി സംഭരണശാലയ്ക്ക് അകത്ത് പ്രവേശിപ്പിക്കില്ലെന്ന് ആയിരുന്നു ഭീഷണി. ഫോൺ സംഭാഷണം അശ്വിൻ പുറത്തു വിട്ടതോടെ പാർട്ടി ഇടപെട്ട് ഇന്ധനം നിറയ്ക്കാൻ നിർദ്ദേശം നൽകി.