TOPICS COVERED

വയനാട് പനമരത്ത് കൂത്താട്ടുകുളം മോഡൽ ആക്രമണം. യു.ഡി.എഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച ഇടത് അംഗം ബെന്നി ചെറിയാനെ സി പി എം പ്രവർത്തകർ മർദിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു ആക്രമണം. കേസിൽ പ്രാദേശിക സി പി എം നേതാക്കളടക്കം ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു.

ഇന്നലെ 8 മണിയോടെ പനമരം നഗരത്തിൽ വെച്ചാണ് ബെന്നി ചെറിയാനെ ഒരു സംഘം ആക്രമിച്ചത്. പരുക്കേറ്റ ബെന്നി മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ആക്രമണത്തിനു പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ബെന്നി ആരോപിച്ചിരുന്നു. ജനുവരി ആദ്യത്തിൽ പഞ്ചായത്തിൽ നടന്ന അവിശ്വാസ പ്രമേയത്തിൽ ഇടത് അംഗമായ ബെന്നി ചെറിയാന്റെ വോട്ടിലാണ് എൽ.ഡി.എഫിനു പ്രസിഡണ്ട് സ്ഥാനം നഷ്ടമായത്. ഇതിലുള്ള അമർഷമാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം

കേസിൽ സിപിഎം ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളടക്കം ഏഴു പേർക്കെതിരെ കേസെടുത്തു. ഷിഹാബ്, അക്ഷയ്, ഇർഷാദ്, സനൽ, കണ്ടാൽ അറിയാവുന്ന മൂന്ന് പേർ എന്നിവർക്കെതിരെയാണ് പനമരം പൊലീസ് കേസെടുത്തത്. പഞ്ചായത്തിലെ അവിശ്വാസപ്രമേയത്തിൽ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത വിരോധമെന്നാണ് എഫ്ഐആർ. വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി.  അതിനിടെ കഴിഞ്ഞ 16ന് ബെന്നി ചെറിയാനെതിരെ സിപിഎം നേതാക്കൾ നടത്തിയ പ്രസംഗത്തിന്റെ ഭാഗം പുറത്തു വന്നു. ബെന്നി സിപിഎം ഏരിയ കമ്മിറ്റി അംഗം ഷിജുവിനും അമ്മയ്ക്കും എതിരെ അസഭ്യം പറഞ്ഞുവെന്നും ഇതിൽ വലിയ വില നൽകേണ്ടി വരുമെന്നും മുൻ ജില്ലാ സെക്രട്ടറി പി. ഗഗാറിൻ പ്രസംഗിക്കുന്നതാണ് ഭാഗം. വിഷയത്തിൽ പാർട്ടിക്ക് പങ്കില്ലെന്നായിരുന്നു സി പി എമ്മിന്റെ വിശദീകരണം. വരുന്ന 29 ന് പഞ്ചായത്തിൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടന്ന ആക്രമണത്തിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ് യു.ഡി.എഫ്..