കൊച്ചിയിൽ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ പോലീസുകാരൻ വിജിലൻസിന്റെ പിടിയിൽ. മുളവുകാട് സ്റ്റേഷനിലെ സിപിഒ അനൂപാണ് പിടിയിലായത്. അനൂപിൽ നിന്ന് 5000 രൂപ വിജിലൻസ് പിടിച്ചെടുത്തു. കരാറുകാരനെതിരെയുള്ള കേസുകൾ ഒതുക്കി തീർക്കുന്നതിൽ സഹായം വാഗ്ദാനം ചെയ്ത് പലതവണ അനൂപ് കരാറുകാരനെ ബന്ധപ്പെട്ടിരുന്നു.
ആലുവയിൽ പൊളിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഇത്തവണ കൈക്കൂലി ആവശ്യപ്പെട്ടത്. 10000 രൂപ നൽകണമെന്ന് കരാറുകാരനോട് പറഞ്ഞു. ഇന്ന് കാക്കനാട് വന്നാൽ പണം കൈമാറാം എന്നു പറഞ്ഞ കരാറുകാരൻ ഇക്കാര്യം വിജിലൻസിനെ വിവരമറിയിച്ചു.
വാഹനത്തിൽ വെച്ച് പണം കൈമാറുന്നതിനിടയാണ് അനൂപിനെ വിജിലൻസ് പിടികൂടുന്നത്. കരാറുകാരൻ നൽകിയ 5000 രൂപ കൈവശം ഉണ്ടായിരുന്നു. തന്നെ മനപ്പൂർവ്വം കേസിൽ കുടുക്കിയത് എന്നാണ് അനൂപിന്റെ ആരോപണം. നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.