പാലക്കാട് നെന്മാറയില്‍ കൊലക്കേസ് പ്രതി അയല്‍വാസിയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2019ലാണ് പ്രതി ചെന്താമര ആദ്യ കൊലപാതകം നടത്തിയത്. പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സുധാകരന്‍റെ ഭാര്യ സജിതയെ (35) ആണ് അന്ന് വെട്ടിക്കൊലപ്പെടുത്തിയത്.
കുടുംബവുമായി അകന്നു കഴിയുന്ന പ്രതി, തന്‍റെ കുടുംബപ്രശ്നങ്ങൾക്കു കാരണക്കാർ മരിച്ച സജിത ഉൾപ്പെടെയുള്ള അയൽവാസികളാണെന്നു ധരിച്ചതാണു കൊലയ്ക്കു കാരണമായി പൊലീസ് ചൂണ്ടിക്കാട്ടിയത്. സജിതയുടെ ഭർത്താവ് തിരുപ്പൂരിൽ ജോലിസ്ഥലത്തും മക്കൾ സ്കൂളിലും പോയ സമയത്തായിരുന്നു കൊല നടത്തിയത്.
ഈ കേസില്‍ അടുത്തമാസം വിചാരണ തുടങ്ങാനിരിക്കെ പ്രതിക്ക് ജാമ്യം ലഭിച്ചു. തൊട്ടുപിന്നാലെ സുധാകരനേയും (58), അമ്മ ലക്ഷ്മിയേയും (76) പ്രതി കൊലപ്പെടുത്തുകയായിരുന്നു. സുധാകരന്‍റെ വീടിനു മുന്നില്‍വച്ചാണ് കൊല നടന്നത്. സുധാകരന്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. അമ്മയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചെന്താമരയ്ക്കു വേണ്ടി പൊലീസ് ഊര്‍ജിതമായി തിരച്ചില്‍ നടത്തുകയാണ്. കൊല നടന്നത് ഉള്‍പ്രദേശത്തായതിനാല്‍ പൊലീസ് സംഭവം അറിയാന്‍ വൈകി. ഈ തക്കത്തിന് പ്രതി ഓടിയൊളിച്ചു. സജിതയെ കൊലപ്പെടുത്തിയ ശേഷവും സമാനമായി പ്രതി ഓടിരക്ഷപ്പെട്ടിരുന്നു. വനത്തില്‍ ഒളിഞ്ഞിരുന്ന പ്രതി പുറത്തിറങ്ങിയപ്പോള്‍ പൊലീസ് പൊക്കുകയായിരുന്നു.