എൻഡിഎ വിടണമെന്ന ആവശ്യം കടുപ്പിച്ച് ബിഡിജെഎസ്. ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും മുന്നണി വിടണമെന്ന നിലപാടെടുത്തതോടെ വിഷയം ചർച്ച ചെയ്യാൻ ശനിയാഴ്ച ചേർത്തലയിൽ പാർട്ടിയുടെ അടിയന്തര യോഗം. എന്നാൽ ബിഡിജെഎസ് മുന്നണി വിട്ടു പോകില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം .
ഏറെനാളായി ബിഡിജെഎസ് മുന്നണിയിൽ അസംതൃപ്തരാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന അധ്യക്ഷന് തന്നെ കോട്ടയത്തുണ്ടായ തോൽവിയോടെ ഇതിന്റെ തോത് കൂട്ടി..ബിഡിജെഎസ് കോട്ടയം ജില്ല നേതൃ ക്യാമ്പിൽ മുന്നണി വിടണം എന്ന് ആവശ്യപ്പെട്ട് പ്രമേയം കൂടി പാസ്സാക്കിയത്തോടെ വീണ്ടും ചർച്ചക്കൾക്ക് വഴി ഒരുങ്ങുകയാണ്. ഇതോടെയാണ് ശനിയാഴ്ച തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ സംസ്ഥാന കൌൺസിൽ യോഗവും എക്സിക്യൂട്ടീവ് കമ്മിറ്റിയും ചേരുന്നത്. മുന്നണി മാറ്റം സംബന്ധിച്ചുള്ള ചർച്ചകൾക്ക് യോഗത്തിൽ തുടക്കം ആകും. പാർട്ടിക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലന്നാണ് നേതാക്കളുടെ പരാതിയെങ്കിലും ബിജെപി അഭിപ്രായം മറിച്ചാണ്.
ബിഡിജെഎസ് നേതാക്കളെ കേന്ദ്ര ബോർഡ് കോർപറേഷനുകളിൽ പരിഗണിക്കുന്നില്ല. മുന്നണിയുടെ സമര പരിപാടികളുടെ ആസൂത്രണത്തിൽ പോലും കൂടിയാലോചനകളില്ല.. പരാതികൾ ഇങ്ങനെ നീളുന്നു.