ബിസിനസില്‍ വഞ്ചിച്ചതിനുള്ള പ്രതികരമായി ബിസിനസ് പങ്കാളിയുടെ രണ്ട് മക്കളെ കൊന്നു കെട്ടിത്തൂക്കി. 70 കാരനായ ശ്യാം സിങ് ഭാടിയാണ് ബിസിനസ് പങ്കാളിയായിരുന്ന പ്രദീപ് ദേവസായിയുടെ മക്കളോട് ക്രൂരകൃത്യം നടത്തിയത്. 12 വയസുകാരിയായ തമന്ന എന്ന തനു, എട്ട് വയസുകാരന്‍ ശിവപാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ജോഡ്പൂരിലെ ബോറാന്‍ഡയിലാണ് സംഭവം.
വെള്ളിയാഴ്ച മുതല്‍ കുട്ടികളെ കാണാതാവുകയായിരുന്നു. വെള്ളിയാഴ്ച ഇരുവരും സ്കൂള്‍ വിട്ടശേഷം വീട്ടിലെത്തിയിരുന്നില്ല. തുടര്‍ന്ന് തിരച്ചില്‍ നടത്തിയ ശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തിരച്ചിലിനൊടുവിലാണ് ബോറാന്‍ഡയിലെ വള ഫാക്ടറിക്ക് സമീപം വാടക വീട്ടില്‍ കെട്ടിതൂക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
തന്നെ വഞ്ചിച്ചതിനുള്ള മറുപടിയാണ് കൊലപാതകമെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി. മുങ്ങിയ പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. 20 വര്‍ഷമായി പ്രദീപുമായി പരിചയമുള്ള വ്യക്തിയാണ് ശ്യാം സിങ്.
ശ്യാം സിങും പ്രസാദും ചേര്‍ന്ന് ഒന്‍പതു മാസം മുന്‍പാണ് പങ്കാളിത്തത്തില്‍ വള ഫാക്ടറി ആരംഭിച്ചത്. പ്രദീപ് ബിസിനസില്‍ നിന്നും പിന്മാറിയതോടെ ശ്യാം സിങിന് സാമ്പത്തിക നഷ്ടമുണ്ടായി. ഇതാണ് കൊലപാതത്തിന് കാരണം. വള ഫാക്ടറിയില്‍ ശ്യാം സിങ് പണം നിക്ഷേപിച്ചിരുന്നു. ഇവിടെ ക്രാഫ്റ്റ്മാനായിരുന്നു പ്രസാദ്.
ഇരുവരും തമ്മിലുണ്ടായ ചില തര്‍ക്കങ്ങളെ തുടര്‍ന്നാണ് പ്രസാദ് കരാര്‍ അവസാനിപ്പിച്ചത് ഇതോടെ ശ്യാം സിങിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായി. തന്നെ പറ്റിച്ചതിലുള്ള വിരോധവും പാഠം പഠിപ്പിക്കാനുമാണ് ക്രൂര കുറ്റകൃത്യം നടത്തിയതെന്ന് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ കുറിപ്പിലുണ്ട്. ദീര്‍കാലമായി വീട്ടില്‍ നിന്നും മാറി നില്‍ക്കുന്ന ശ്യാം സിങ് താമസിക്കുന്ന വാടക വീട്ടില്‍ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ് പ്രസാദിന്‍റെ കുടുംബം. ശ്യാം സിങ് രാജസ്ഥാനിലെ ഫലോഡി സ്വദേശിയാണ്.