മാളയിൽ ഡീ സോൺ കലോൽസവത്തിൽ SFI യൂണിറ്റ് സെക്രട്ടറിയെ തലയ്ക്കടിച്ച് പരുക്കേൽപിച്ച കേസിൽ KSU നേതാക്കൾ കസ്റ്റഡിയിൽ . ആശുപത്രിയിലേക്കെന്ന പേരിൽ KSU ആംബുലൻസ് ദുരുപയോഗം ചെയ്തെന്നു തെളിയിക്കുന്ന ദൃശ്യം പുറത്തു വന്നു.
KSU തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ ഉൾപ്പെടെ രണ്ട് KSU പ്രവർത്തകർ ഇന്ന് രാവിലെ മാള പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. KSU സംസ്ഥാന ട്രഷറർ സച്ചിൻ , സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുദേവ് എന്നിവരാണ് കീഴടങ്ങിയത്.
കഴിഞ്ഞ ദിവസം കൊരട്ടിയിൽ KSU നേതാക്കൾ പോയ ആംബുലൻസ് ആക്രമിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെ SFI ആക്രമിച്ച ആംബുലൻസിൽ നിന്നുള്ള KSU പ്രവർത്തകരുടെ ദൃശ്യം SFI പുറത്തു വിട്ടു.
KSU ആബുലൻസ് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും അക്രമം നടത്തിയ ശേഷം KSU പ്രവർത്തകർ ആംബുലൻസിൽ രക്ഷപ്പെടുകയായിരുന്നുവെന്നും SFI തിരിച്ചടിച്ചു. പ്രതികളെ ആദ്യം മാള ഗവണ്മെന്റ് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി ചാലക്കുടി കോടതിയിൽ ഹാജരാക്കാൻ ആയിരുന്നു തീരുമാനം.
പക്ഷെ, SFI യുടെ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രതികളെ തിരിച്ചു കയറ്റി. ഇരിഞ്ഞാലക്കുട ഡി. വൈ.എസ്.പി കെ. ജി സുരേഷിന്റെ നേതൃത്വത്തിലായിരിക്കും വൈദ്യ പരിശോധന. പൊലീസ് ബസിൽ ആയിരിക്കും പ്രതികളെ പരിശോധനയ്ക്ക് എത്തിക്കുന്നത്