കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിനിടെയുണ്ടായ കെ.എസ്.യു- എസ്.എഫ്.ഐ സംഘർഷത്തിനു പിന്നാലെ നവ മാധ്യമങ്ങളിൽ ഏറ്റുമുട്ടി കെ.എസ്.യു - എസ്.എഫ്.ഐ നേതാക്കൾ.കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുമാണ് നവമാധ്യമങ്ങളിൽ ഏറ്റുമുട്ടിയത്.
തൃശൂർ കേരളവർമ കോളജിൽ കെ.എസ്.യുവിന്റെ കൊടിതോരങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന് ന്യായീകരിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി രംഗതെത്തിയതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ.
കെ എസ് യൂവിന്റെ കൊലയാളി സംഘമേ, നെറികെട്ട തെമ്മാടി കൂട്ടമേ, കേരളത്തിലെ കലാലയങ്ങൾ നിങ്ങൾ പുറത്തെറിയുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്. കൊടി കത്തിച്ചതിലെ ജനാധിപത്യ വിരുദ്ധയുടെ ക്ലാസ്സെടുക്കാൻ വരേണ്ടതില്ല, കേൾക്കാൻ തൽക്കാലം സൗകര്യപ്പെടില്ല എന്നായിരുന്നു പി.എം ആർഷോയുടെ പ്രതികരണം.
തൊട്ടുപിന്നാലെ മറുപടിയുമായി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ രംഗത്തെത്തി. പി.എം ആർഷോയുടെ ഫെയ്സ്‌ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പടെ പങ്കുവെച്ചായിരുന്നു അലോഷ്യസിന്റെ മറുപടി.
സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോൾ അതിനെതിരെ ചെറുത്തുനിൽപ്പ് തീർക്കേണ്ടത് ഞങ്ങളുടെ കടമയാണ്. ഞങ്ങൾ അത് ചെയ്യുക തന്നെ ചെയ്യും. പ്രതിരോധ കോട്ട കെട്ടി പ്രസ്ഥാനത്തേയും പ്രവർത്തകരെയും സംരക്ഷിക്കും. തിരക്കഥകളും അണിയറ നീക്കങ്ങളും തുടർന്നോളൂ എസ്.എഫ്.ഐയുടെ ജനാധിപത്യ വിരുദ്ധതയെ പ്രതിരോധിക്കാൻ ക്യംപസുകളില്‍ കെ.എസ്.യു ഉണ്ടാവും എന്നായിരുന്നു സംസ്ഥാന പ്രസിഡൻ്റിൻ്റെ പ്രതികരണം.