നേതാക്കളുടെ വ്യാജ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് മൈസുരുവില്‍ സംഘര്‍ഷം. മൈസുരു ഉദയഗിരി പൊലീസ് സ്റ്റേഷന്‍ രാത്രി ജനക്കൂട്ടം ആക്രമിച്ചു. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് അശ്ലീല പദങ്ങളും ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍, യു.പി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരുടെ ഫോട്ടോകളാണു മോര്‍ഫ് ചെയ്ത് അര്‍ധ നഗ്നരാക്കിയത്. പോസ്റ്റ് വൈറലായതോടെ പ്രതിഷേധം തുടങ്ങി. പോസ്റ്റിട്ടയാളെ പിടികൂടണമെന്നാവശ്യപ്പെട്ടാണു ജനം ഉദയഗിരി പൊലീസ് സ്റ്റേഷന്‍ വളഞ്ഞത്. വാക്കുതര്‍ക്കം കല്ലേറിലേക്കും തുടര്‍ന്നു ലാത്തിചാര്‍ജിലേക്കുമെത്തി.
സുരേഷെന്നയാളെ അറസ്റ്റ് ചെയ്തു ഫോട്ടോയും എഫ്.ഐ.ആര്‍ കോപ്പിയും പൊലീസ് സമൂഹ മാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതോടെയാണു സംഘര്‍ഷത്തിന് അയവു വന്നത്. സംഘര്‍ഷത്തെ തുടര്‍ന്നു വന്‍ പൊലീസ് സംഘത്തെ ഉദയഗിരിയിലും സമീപ പ്രദേശങ്ങളിലും വിന്യസിച്ചു.