യുവനടിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ നടന്‍ സിദിഖ് കുറ്റക്കാരനെന്ന് പൊലീസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത് ദുരുദേശത്തോടെയെന്ന് വ്യക്തമാക്കി കുറ്റപത്രം തയാറാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുന്‍പ് തന്നെ നടി പീഡനം വെളിപ്പെടുത്തിയതിന് സാക്ഷ്യകളുണ്ടെന്നും കുറ്റപത്രത്തില്‍ പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കുന്നു.
അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള സിദിഖിന്‍റെ പടിയിറക്കത്തിന് വഴിവെച്ച പീഡനപരാതി ശരിയെന്ന് ഉറപ്പിക്കുകയാണ് പ്രത്യേക അന്വേഷണസംഘം. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് യുവനടിയെ പറഞ്ഞ് വിശ്വസിപ്പിച്ച് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് തെളിവ് നിരത്തി കുറ്റപത്രത്തില്‍ സ്ഥിരീകരിക്കുന്നു. 2016 ജനുവരി 28 ന് തിരുവനന്തപുരത്ത് മാസ്കോട് ഹോട്ടലിലെ മുറിയിലായിരുന്നു പീഡനം. സുഖമായിരിക്കട്ടേ എന്ന സിനിമയുടെ പ്രിവ്യൂവിനായെത്തിയ നടിയെ സിദിഖ് ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. പ്രിവ്യൂ കാണാന്‍ നടിയേയും കുടുംബത്തേയും സിദിഖ് ക്ഷണിച്ചതിനും യുവനടി മാസ്കോട് ഹോട്ടലില്‍ എത്തിയതിനും സിദിഖ് അന്ന് അവിടെ താമസിച്ചതിനും സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളുമുണ്ടെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
കുറ്റകൃത്യം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് പരാതിയെന്നതായിരുന്നു സിദിഖ് ആരോപണം നിഷേധിക്കാന്‍ ഉപയോഗിച്ച പ്രധാന വാദം. അതിനിടെ യുവതി സമാന ആരോപണം ഉന്നയിച്ച ഫെയ്സ്ബുക്ക് പോസ്റ്റുകളിലൊന്നും തന്‍റെ പേരില്ലെന്നും വാദിക്കുന്നു. അതിനുള്ള മറുപടിയും കുറ്റപത്രത്തിലുണ്ട്.
ബലാല്‍സംഗത്തിന് ശേഷം യുവതി എറണാകുളത്ത് ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയിരുന്നു. ഈ ഡോക്ടറോട് അന്ന് തന്നെ പീഡനവിവരം വെളിപ്പെടുത്തിയെന്നും ഡോക്ടര്‍ മൊഴി നല്‍കിയെന്നുമാണ് അന്വേഷണസംഘം വിശദീകരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയെടുത്ത കേസുകളില്‍ ഏറ്റവും ശക്തമായ തെളിവുള്ള കേസെന്ന വിശ്വാസത്തോടെയാണ് പ്രത്യേകസംഘം അന്വേഷണം പൂര്‍ത്തിയാക്കിയത്. ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി ലഭിച്ചാലുടന്‍ കോടതിയില്‍ സമര്‍പ്പിക്കും.