ആലപ്പുഴ മാമ്പുഴക്കരിയിൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന 62 കാരി കൃഷ്ണമ്മയുടെ വീട്ടിലാണ് കവർച്ച നടന്നത്. മുഖത്തടിയേറ്റ് നിലത്ത് വീണ തന്നെ കട്ടിലിൽ കെട്ടിയിടുകയായിരുന്നു എന്ന് കൃഷ്ണമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. കേസില്‍ തിരുവനന്തപുരം ബാലരാമപുരം സ്വദേശി രാജേഷ് മണികണ്ഠന്‍ അറസ്റ്റിലായി.
ആശുപത്രികളിലും വീടുകളിലും രോഗികൾക്ക് കൂട്ടിരിപ്പിന് പോകുന്ന ജോലിയാണ് കൃഷ്ണമ്മയ്ക്ക്. മാമ്പുഴക്കരിയിലെ വേലിക്കെട്ടിൽ വീട്ടിൽ 62 കാരിയായ ഇവർ ഒറ്റക്കാണ് താമസം. ജോലിക്കിടയിൽ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ കല എന്ന യുവതി കഴിഞ്ഞ ബുധനാഴ്ച കൃഷ്ണമ്മയ്‌ക്കൊപ്പം മാമ്പുഴക്കരിയിലെ വീട്ടിൽ താമസിക്കാൻ എത്തി. കവർച്ച നടന്ന രാത്രി ഇരുവരും രണ്ട് മുറികളിലാണ് ഉറങ്ങാൻ കിടന്നത്.
മൂന്നര പവൻ സ്വർണം, 36,000 രൂപ, ഓട്ടു പാത്രങ്ങൾ, എടിഎം കാർഡ് എന്നിവയാണ് നഷ്ടമായത്. ഒപ്പം താമസിച്ചിരുന്ന യുവതിയെ കവർച്ചയ്ക്ക് ശേഷം കാണാനില്ല. കവർച്ചയ്ക്കെത്തിയ നാലംഗ സംഘത്തോടൊപ്പം ഇവരും കടന്നു. വീട്ടിൽ പണമുള്ള കാര്യം ഇവർക്ക് അറിയാമായിരുന്നു. യുവതിയാണ് കവർച്ച ആസൂത്രണം ചെയ്ത് കൂട്ടാളികളെ വിളിച്ചു വരുത്തിയത്. പുലർച്ചെ കാലിലെ കെട്ടഴിച്ച ശേഷം കൃഷ്ണമ്മ തന്നെ മോഷണ വിവരം അയൽവാസികളെയും ബന്ധുക്കളെയും അറിയിച്ചു. പിന്നീട് പൊലീസ് എത്തി കൃഷ്ണമ്മയുടെ മൊഴി രേഖപ്പെടുത്തി. നാലംഘ സംഘത്തെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നു രാമങ്കരി പോലീസ് അറിയിച്ചു.