ഓൺലൈൻ ട്രേഡിങ്ങിലൂടെ ആറ്റിങ്ങൽ സ്വദേശിയെ പറ്റിച്ച്, ലക്ഷങ്ങൾ കൈക്കലാക്കിയ പാലക്കാട് സ്വദേശിയായ യുവതി പിടിയിൽ. ആറ്റിങ്ങൽ ഇടയ്ക്കോട് സ്വദേശിയായ കിരൺകുമാറിൽ നിന്ന് തന്ത്രപൂർവം 45 ലക്ഷം രൂപ തട്ടിയെടുത്ത പാലക്കാട് കൊല്ലങ്കോട് കീഴ്‌പട ഹൗസിൽ ഹിതകൃഷ്ണയാണ് (30) പിടിയിലായത്.
അക്യൂമെൻ ക്യാപിറ്റൽ മാർക്കറ്റ് ഇന്ത്യ ലിമിറ്റഡ് എന്ന ട്രേഡിങ് സ്ഥാപനത്തിലെ ഫ്രാഞ്ചെസിയാണെന്ന് താനെന്ന് തെറ്റിധരിപ്പിച്ചായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്. 2022 ഏപ്രിൽ 30ന് കിരൺകുമാറിന്റെ ആറ്റിങ്ങലിലെ വീട്ടിൽ വച്ച് ഓൺലൈൻ ട്രേഡിങ്ങിന്റെ ഡെമോ കാണിച്ച ശേഷം ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ബാങ്ക് അക്കൗണ്ടുവഴി പണം വാങ്ങിയത്. ചേട്ടാ ഓൺലൈൻ ട്രേഡിങ്ങാണ് ഇപ്പോൾ ലാഭം എന്നുപറഞ്ഞ് നിർബന്ധിപ്പിച്ച് കിരൺകുമാറിനെ കുഴിയിൽ വീഴ്ത്തുകയായിരുന്നു പണം നഷ്ടപ്പെട്ട വിവരം മനസിലായതോടെ കിരൺകുമാർ ആറ്റിങ്ങൽ സ്റ്റേഷനിൽ പരാതി നൽകി.
സംഭവം കേസായതോടെ മുങ്ങിയ ഹിതകൃഷ്ണ തിരുവനന്തപുരം ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാൽ കോടതി ജാമ്യം നൽകാത്തതോടെ യുവതി പണവുമായി അഹമ്മദാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ പോയി ഒളിച്ച് താമസിക്കുകയായിരുന്നു. അടുത്തിടെ ഒരു അത്യാവശ്യ കാര്യത്തിന് യുവതി കൊച്ചിയിൽ എത്തിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടർന്നാണ് പൊലീസ് സംഘം പ്രതിയെ അറസ്റ്റ് കുടുക്കിയത്.
തട്ടിയെടുത്ത പണം കൊണ്ട് ആർഭാടജീവിതം നയിച്ചു വരികയായിരുന്നു യുവതി. ഇത്തരത്തിൽ കേരളത്തിനകത്തും പുറത്തുമായി നിരവധി പേരിൽനിന്ന് ഇവർ പണം തട്ടിയിട്ടുണ്ടെന്നും, പല സ്റ്റേഷനുകളിലും കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.