വെഞ്ഞാറമൂട് കൊലപാതക പരമ്പരയിൽ ഞെട്ടി കേരളം. ഉറ്റവരായ അഞ്ചു പേരെ കൊലപ്പെടുത്തിയതായി ഇരുപത്തിമൂന്നുകാരനായ അഫാൻ വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിൽ എത്തി വെളിപ്പെടുത്തുകയായിരുന്നു. അഫാന്റെ ഇരകളിൽ ഒരാൾ 13 വയസ്സുകാരൻ സഹോദരൻ അഫ്‌സാനാണ്. പ്രതിയും സഹോദരനുമായി പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. സഹോദരനെ വലിയ സ്നേഹമായിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ സഹോദരനൊപ്പമുള്ള ധാരാളം ചിത്രങ്ങൾ അഫാൻ പങ്കുവച്ചിട്ടുണ്ട്. പരീക്ഷ കഴിഞ്ഞശേഷം സ്കൂളിൽ നിന്ന് വീട്ടിലെത്തിയതായിരുന്നു അഫ്സാൻ.
തിങ്കഴാഴ്ച വെെകീട്ടോടെയാണ് കൊലപാതകവിവരം പുറത്ത് വന്നത്. താൻ ആറ് പേരെ കൊന്നു, സഹോദരന്റെയും യുവതിയുടെയും മരണം ഉറപ്പാക്കിയെന്നും അഫാൻ വെളിപ്പെടുത്തുകയായിരുന്നു. വിവരം അറിഞ്ഞ ഉന്നത പോലീസ് ഉദ്യോഗസ്ഥർ വെഞ്ഞാറമൂട് സ്റ്റേഷനിലെത്തി. അഫാൻ പറഞ്ഞ സ്ഥലങ്ങളിൽ പോലീസ് സംഘം പരിശോധിച്ചപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.