കേരള ചരിത്രത്തില്‍ ഇതുവരെ ഒരു കുറ്റവാളിയും സഞ്ചരിക്കാത്ത വഴിയിലൂടെയാണ് കൂട്ടക്കുരിതി ദിനം അഫാന്‍ എന്ന 23കാരന്‍ മുന്നോട്ട് പോയത്. ഒരു ദിവസം പലയിടങ്ങളില്‍ സഞ്ചരിച്ച് ഒന്നിലേറെ പേരെ കൊല്ലുന്ന കൊല തന്നെ കേരളത്തില്‍ അപൂര്‍വമാണ്. ഇവിടെ അങ്ങിനെ ചെയ്തെന്ന് മാത്രമല്ല, അതിനിടെ പലകാര്യങ്ങളും അഫാന്‍ ചെയ്തുകൂട്ടി. അതിന്‍റെ പൂര്‍ണവിവരങ്ങള്‍ പുറത്തുവരുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ അഫാനെ വിശേഷിപ്പിക്കുന്നു –സ്ട്രേയിഞ്ച് കില്ലര്‍
അഞ്ച് കൊലകള്‍ക്കിടയില്‍ അഫാന്‍ സഞ്ചരിച്ചത് 82 കിലോമീറ്ററാണ്. ഇതിനിടെ നാല് കടകളില്‍ കയറി. രണ്ട് തവണ ധനകാര്യ സ്ഥാപനത്തില്‍ പോയി. നാല് പേര്‍ക്ക് കടം വാങ്ങിയ പണം തിരികെ കൊടുത്തു. ബാറില്‍ പോയി മദ്യപിച്ചു. കാമുകിയെ കൂട്ടാന്‍ പോയി. അങ്ങിനെ സ്വഭാവമാറ്റമോ കൂസലോ പശ്‍ചാത്താപമോ ഇല്ലാതെ പതുക്കെ പതുക്കെ ഒന്നിന് പിറകെ ഒന്നായി അഞ്ച് ഉറ്റവരെ കൊന്ന് തള്ളിയ അപൂര്‍വ മനസിന് ഉടമയായ സ്ട്രേയിഞ്ച് കില്ലര്‍.
കൂട്ടക്കുരിതി ദിനത്തിലെ അഫാന്‍റെ യാത്രകള്‍ ഇങ്ങിനെ
കൂട്ടക്കുരുതി ദിനം, തിങ്കളാഴ്ച രാവിലെ 10.45
ഉമ്മ ഷെമീനയോട് അഫാന്‍ രണ്ടായിരം രൂപ ചോദിക്കുന്നു. പണം കൈവശമില്ലെന്ന് പറഞ്ഞ് ഷെമീന കൊടുത്തില്ല. അതിനെ തുടര്‍ന്ന് വഴക്കും ബഹളവുമുണ്ടാകുന്നതോടെയാണ് അഫാനിലെ കൊലയാളി ഉണര്‍ന്നത്. ഷെമീനയെ ഷാളുകൊണ്ട് കഴുത്തില്‍ കുരുക്കി നിലത്തടിച്ചു. തലയടിച്ച് വീണ ഷെമീനയുടെ രക്തം വാര്‍ന്നൊഴുകി. ബോധവും പോയി. ഇതോടെ ഷെമീന മരിച്ചെന്ന് കരുതി മുറി പൂട്ടി അഫാന്‍ വീട്ടില്‍ നിന്നിറങ്ങി.
ആദ്യ യാത്ര വെഞ്ഞാറമൂട്ടിലേക്ക്
ലക്ഷ്യം പണം ഒപ്പിക്കലും ആയുധം വാങ്ങലും
ദൂരം 4 കിലോമീറ്റര്‍
ആദ്യം പോയത് സ്ഥിരമായി പണയം വെക്കുന്ന വെഞ്ഞാറമൂട്ടിലെ ധനകാര്യ സ്ഥാപനത്തിലേക്ക്. അവിടെ നിന്ന് 1400 രൂപ മുന്‍കൂര്‍ വാങ്ങി. ആ പണം കൊണ്ട് ചുറ്റികയും അതുകൊണ്ടുപോകാനുള്ള ബാഗും വാങ്ങി. ഇരുന്നൂറ് രൂപയ്ക്ക് ബൈക്കിന് പെട്രോളും അടിച്ചു.
രണ്ടാം യാത്ര പാങ്ങോട്ടേക്ക്
ലക്ഷ്യം മുത്തശ്ശി
ദൂരം–28 കിലോമീറ്റര്‍
12.30 കഴിഞ്ഞപ്പോള്‍ മുത്തശി സല്‍മാ ബീവിയുടെ വീട്ടിലെത്തി. പണയം വെക്കാന്‍ മാല ചോദിച്ചു. തരില്ലെന്ന് പറഞ്ഞു. പിന്നീട് തര്‍ക്കിക്കാനൊന്നും നിന്നില്ല 6 മിനിറ്റുകൊണ്ട് മുത്തശിയെ കൊന്ന് തള്ളി.
മൂന്നാം യാത്ര വെഞ്ഞാറമൂട്ടിലേക്ക്
ലക്ഷ്യം–പണയംവെക്കല്‍
ദൂരം–28 കിലോമീറ്റര്‍
മുത്തശ്ശിയെ കൊലപ്പെടുത്തി കൈക്കലാക്കിയ സ്വര്‍ണമാല വെഞ്ഞാറമൂട്ടിലെ ധനകാര്യസ്ഥാപനത്തിലെത്തിച്ച് പണയം വെച്ചു. 74000 രൂപ വാങ്ങി. അതില്‍ 40000 രൂപ കടം വാങ്ങിയ നാല് പേരുടെ അക്കൗണ്ടിലേക്ക് കൈമാറി.
നാലാം യാത്ര ചുള്ളാളത്തേക്ക്
ലക്ഷ്യം–പിതൃസഹോദരനും ഭാര്യയും,
ദൂരം–11 കിലോമീറ്റര്‍
കടത്തിന്‍റെയും ധൂര്‍ത്തിന്‍റെയും പ്രണയത്തിന്‍റെയും പേരില്‍ തന്നെ പരിഹസിച്ചിരുന്ന പിതൃസഹോദരന്‍ ലത്തീഫിനെയും ഭാര്യ സാജിത ബീഗത്തേയും കൊല്ലാനായിരുന്നു അടുത്ത യാത്ര. ചുള്ളാളത്തിനടുത്ത് എസ്.എന്‍.പുരത്തുള്ള വീട്ടിലെത്തി ഉച്ചയ്ക്ക് രണ്ടരക്ക് മുന്‍പ് അതും തീര്‍ത്തു
അഞ്ചാം യാത്ര–വീട്ടിലേക്ക്
ലക്ഷ്യം–ഭക്ഷണം കഴിക്കലും വിശ്രമവും
ദൂരം–11 കിലോമീറ്റര്‍
നാല് പേരെ വകവരുത്തിയെന്ന വിശ്വസിച്ച അഫാന്‍ വീട്ടിലെത്തി ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും തീരുമാനിച്ചു. വീട്ടിലെത്തി നോക്കുമ്പോള്‍ ആദ്യം അടിച്ച് വീഴ്ത്തിയിട്ടിരുന്ന അമ്മയ്ക്ക് ജീവനുള്ളതായി തോന്നി. ചുറ്റികകൊണ്ട് വീണ്ടും ആക്രമിച്ചു. പിന്നീട് ഭക്ഷണം കഴിക്കാന്‍ നിന്നില്ല. പുറത്തേക്ക് ഇറങ്ങി.
ആറാം യാത്ര–വെഞ്ഞാറമൂട്ടിലേക്ക്
ലക്ഷ്യം–മദ്യപാനം
ദൂരം–4 കിലോമീറ്റര്‍
വീട്ടില്‍ നിന്ന് അഫാന്‍ നേരേ പോയത് ബാറിലേക്ക്. പത്ത് മിനിറ്റ് അവിടിരുന്ന് മദ്യപിച്ചു, ഭക്ഷണം കഴിച്ചു. ഒരു കുപ്പി മദ്യം കൂടി വാങ്ങി തിരിച്ചിറങ്ങി. സമീപത്തെ കടയില്‍ നിന്ന് എലിവിഷവും വാങ്ങി.
എട്ടാം യാത്ര–ഫര്‍സാനയുടെ വീട്ടിലേക്ക്
ലക്ഷ്യം–കൊല്ലാനായി ഫര്‍സാനയെ കൊണ്ടുവരല്‍
ദൂരം–3 കിലോമീറ്റര്‍
ബാറിലിരുന്ന് തന്നെ അഫാന്‍ കാമുകി ഫര്‍സാനയെ ഫോണ്‍ വിളിച്ച് വീട്ടില്‍ നിന്നിറങ്ങി വരാന്‍ ആവശ്യപ്പെട്ടിരുന്നു. ബാറില്‍ നിന്നിറങ്ങിയ ശേഷം നേരെ ഫര്‍സാനയുടെ വീടിന് സമീപമുള്ള മുക്കുന്നൂര്‍ ഭാഗത്തെത്തി. ബൈക്കില്‍ കയറ്റി ഒപ്പം കൂട്ടി
ഒമ്പതാ യാത്ര–പേരുമലയിലെ വീട്ടിലേക്ക്
ലക്ഷ്യം–ഫര്‍സാനയുടെ കൊലപാതകം
ദൂരം–6 കിലോമീറ്റര്‍
ഫര്‍സാനയുമായി നേരെ പേരുമലയിലെ സ്വന്തം വീട്ടിലേക്ക്. അതിനിടെ അനുജന്‍ അഫ്സാന്‍ സ്കൂള്‍ വിട്ട് വീട്ടിലെത്തി. കാമുകിയുമായി വരുമ്പോള്‍ അനുജന്‍ വീട്ടിലുണ്ടെങ്കില്‍ കൊലപാതകം നടക്കില്ലെന്ന് കരുതി അനുജനെ കുഴിമന്തി വാങ്ങാനായി പറഞ്ഞുവിട്ടു. നാല് മണിയോടെ ഫര്‍സാനയെ വീട്ടിലെത്തിച്ച്. ഒന്നാം നിലയിലെ തന്‍റെ മുറിയില്‍ വെച്ച് കൊലപ്പെടുത്തല്‍. കൊല കഴിഞ്ഞ് കയ്യില്‍ കരുതിയിരുന്ന മദ്യത്തില്‍ എലിവിഷം ചേര്‍ത്ത് കഴിച്ചു. അതിനിടെ അഫ്സാന്‍ കുഴിമന്തിയുമായെത്തി. അഫ്സാനെയും ഹാളില്‍ വെച്ച് തന്നെ കൊലപ്പെടുത്തി.
പത്താം യാത്ര–പൊലീസ് സ്റ്റേഷനിലേക്ക്
ലക്ഷ്യം–കീഴടങ്ങല്‍
ദൂരം–4 കിലോമീറ്റര്‍
ആറ് പേരും മരിച്ചെന്ന് വിശ്വസിച്ച അഫാന്‍ കുളിച്ച് വസ്ത്രമെല്ലാം മാറി. അരമണിക്കൂറോളം വീട്ടിലിരുന്നു. ആറ് മണിയോടെ ബൈക്കെടുത്ത് റോഡിലേക്കിറങ്ങി. വഴിയില്‍ ബൈക്ക് ഒതുക്കി ഓട്ടോയില്‍ കയറി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലേക്ക്. കീഴടങ്ങല്‍.
ആറ് പേരെ ക്രൂരമായി ആക്രമിക്കല്‍, അഞ്ച് കൊലപാതകം. ഇതിനായി അഫാനെടുത്തത് 6 മണിക്കൂര്‍. ഇതിനിടെ സഞ്ചരിച്ചത് 100 കിലോമീറ്റര്‍. പശ്ചാത്താപമോ ക്രൂരതയില്‍ നിന്ന് പിന്‍മാറാനുള്ള ആലോചനയോ കൂടാതെ ഈ മണിക്കൂറുകളിലെല്ലാം കഴിഞ്ഞ അഫാന്‍ കടം വാങ്ങിയവര്‍ പണം പോലും തിരികെ കൊടുത്തു. ഒരു സ്ഥലത്ത് വെച്ച് ഒന്നോ രണ്ടോ മണിക്കൂര്‍ കൊണ്ട് മൂന്നോ നാലോ പേരെ കൊല്ലുന്ന കൂട്ടക്കൊലകള്‍ കേരളം പലത് കണ്ടിട്ടുണ്ട്. പക്ഷെ ഇത്രയും ദൂരം സഞ്ചരിച്ച്, ഇത്രയും സമയമെടുത്ത്, പലയിടത്തായി ഇത്രയും പേരെ കൊന്ന കേസ് കേരളത്തില്‍ ആദ്യം. അതുകൊണ്ട് തന്നെ പൊലീസ് വിശേഷിപ്പിക്കുന്നു. അഫാന്‍ ഒരു സ്ട്രെയ്ഞ്ച് കില്ലര്‍.