ആലപ്പുഴ വനം ഓഫീസിൽ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥന് ക്രൂരമർദനം. ആലപ്പുഴ കൊമ്മാടി സ്വദേശി കെ.ബി അയ്യപ്പനാണ് മർദനമേറ്റത്. വനം ഓഫീസ് പരിസരത്ത് നിന്ന മരം വീട്ടിലേക്ക് വീണതിൽ നൽകിയ പരാതിയിലെ തുടർ നടപടികളെ ക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു മർദനമേറ്റത്. അയ്യപ്പൻ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും പരാതി നൽകി.
ആലപ്പുഴ കൊമ്മാടിയിൽ വനം വകുപ്പ് സാമൂഹ്യ വനവൽക്കരണ ഓഫീസിനോട് ചേർന്നാണ് മർദനമേറ്റ അയ്യപ്പന്‍റെ വീട്'. കഴിഞ്ഞ വർഷം ജൂണിൽ വനം ഓഫിസ് പരിസരത്തെ മരം വീണ് അയപ്പന്‍റെ വീടിന്‍റെ മേൽക്കൂരയുടെ ഒരു ഭാഗത്തിന് കേടുപറ്റി. ഇതിൽ നൽകിയ പരാതിയുടെ തുടർ നടപടികൾ അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു മർദനം. മർദിച്ച വനം ഉദ്യോഗസ്ഥർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പരാതിയിലുണ്ട്
കഴുത്തിന് കുത്തിപ്പിടിക്കുകയും അടിക്കുകയും ചെയ്തുവെന്ന് അയ്യപ്പൻ മനോരമ ന്യൂസിനോട് പറഞ്ഞു. ചില ഉദ്യോഗസ്ഥർ ഓഫീസിൽ ഇരുന്ന് മദ്യപിച്ച ശേഷം കുപ്പി തന്‍റെ വീട്ടിലേക്ക് എറിയുമായിരുന്നു. മദ്യകുപ്പികൾ എറിയുന്നതിനെക്കുരിച്ച് പരാതിപ്പെടുമെന്ന് പറഞ്ഞതിന്‍റെ വിരോധം ഉദ്യോഗസ്ഥർക്കുണ്ടായിരുന്നു. മർദനമേറ്റ അയ്യപ്പൻ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിൽസ തേടി. ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസറും കണ്ടാലറിയാവുന്ന മറ്റ് ചില ജീവനക്കാരും ചേർന്നാണെന്നും പരാതിയിലുണ്ട്. മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കലക്ടർക്കും ഫോറസ്റ്റ് കൺസർവേറ്റർക്കും അയ്യപ്പൻ പരാതി നൽകി.