വീടിന്‍റെ ഓട് പൊളിച്ച് സാഹസപ്പെട്ട് മോഷ്ടിച്ച 30 പവന്‍ വീട്ടില്‍ തന്നെ തിരികെ എത്തിച്ച് മോഷ്ടാവ്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് വേറെ വഴിയില്ലാതെ കള്ളന്‍ അഞ്ചാം ദിവസം വീട്ടുമുറ്റത്ത് സ്വർണം ഉപേക്ഷിച്ചത്. കോഴിക്കോട് കുമരനെല്ലൂർ സ്വദേശി സെറീനയുടെ വീടിലായിരുന്നു കള്ളന്‍റെ കള്ളത്തരങ്ങള്‍.
മുറ്റത്ത് അലക്കാനുള്ള തുണികൾ സൂക്ഷിക്കുന്ന ബക്കറ്റില്‍ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് 30 പവൻ സ്വർണം കണ്ടെത്തിയത്. മോഷണ മുതൽ കിട്ടിയെങ്കിലും കള്ളന് വേണ്ടിയുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്. പിടിക്കപ്പെട്ടാൽ ഉണ്ടാകാവുന്ന നാണക്കേട് ഭയന്ന് കള്ളൻ സ്വർണം ബക്കറ്റിൽ ഉപേക്ഷിച്ച് തടി തപ്പിയതാകാം എന്നാണ് കരുതുന്നത്.
വീട്ടുകാർ രാത്രിയിൽ ബന്ധുവീട്ടിൽ പോയ സമയത്ത് ഓടു പൊളിച്ച് അകത്തു കയറണമെങ്കിൽ വീടിനെക്കുറിച്ച് വ്യക്തമായി ബോധ്യമുള്ള ആളായിരിക്കുമെന്നാണ് പൊലീസിന്‍റെ സംശയം. സ്വർണം മുറ്റത്തെ ബക്കറ്റിൽ ഉപേക്ഷിച്ചതോടെ ആ സംശയം കൂടുതൽ ബലപ്പെട്ടു. ബന്ധുവായ ഒരാളെ സംശയമുണ്ടെന്ന് കുടുംബവും മൊഴി നൽകിയിരുന്നു. എന്തായാലും കപ്പലിൽ തന്നെയെന്ന് സംശയിക്കുന്ന കള്ളനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
ശനിയാഴ്ച രാത്രിയാണ് വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന കള്ളൻ അലമാരക്ക് സമീപത്ത് സൂക്ഷിച്ച സ്വർണം മോഷ്ടിച്ചത്. രാവിലെ ബന്ധുവീട്ടിൽ നിന്നെന്നിയപ്പോഴാണ് മോഷണ വിവരം കുടുബം അറിഞ്ഞത്. തുടർന്ന് മുക്കം പൊലീസിൽ പരാതി നൽകുകയായിരുന്നു.